തിരുവനന്തപുരം: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കൃത്യമായ കണക്ക് കേരളം കേന്ദ്രത്തെ ബോധിപ്പിക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംസ്ഥാനം പറയുന്ന കണക്ക് ശരിയല്ല. സംസ്ഥാനത്തിന്റെ കയ്യിൽ നിലവിൽ പണമുണ്ട്. അത് ചെലവഴിച്ച ശേഷം കേന്ദ്രത്തോട് ചോദിക്കണം. സഹായം അനുവദിക്കുന്നതിന് കേന്ദ്രത്തിന് മാനദണ്ഡങ്ങളുണ്ട്. സഹായം ലഭിച്ചില്ലെന്ന സംസ്ഥാനത്തിന്റെ വാദം ശരിയല്ല. മറ്റാരേക്കാളും പുനരധിവാസം ഉറപ്പാക്കുമെന്ന പ്രധാനമന്ത്രിയുടെ വാക്കിലാണ് തന്റെ വിശ്വാസമെന്നും ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി.
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ സംസ്ഥാന സർക്കാരിനെ കഴിഞ്ഞ ദിവസം ഹൈക്കോടതിയും വിമർശിച്ചിരുന്നു. കൂടുതൽ സഹായം നൽകില്ലെന്ന് കേന്ദ്രം പറഞ്ഞിട്ടില്ലല്ലോ എന്നാണ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്. കേന്ദ്രമന്ത്രി നിത്യാനന്ദ് റായ് കേരളത്തിന് നൽകിയ കത്ത് സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കിയിരുന്നു. വയനാട് ഉരുൾപൊട്ടൽ ദേശീയദുരന്തമായി പ്രഖ്യാപിക്കുന്നതിലെ തടസ്സമെന്താണെന്ന് ഇതിൽ കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്. എസ്ഡിആർഎഫ് ഫണ്ടിലെ തുക ദുരിതാശ്വാസത്തിന് വിനിയോഗിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു.
ഇതിനെതിരെ സംസ്ഥാന സർക്കാർ രൂക്ഷ വിമർശനം ഉന്നയിക്കുകയായിരുന്നു. എന്നാൽ പ്രത്യേക സാമ്പത്തിക സഹായം നൽകില്ലെന്ന് കേന്ദ്രസർക്കാർ പറഞ്ഞിട്ടില്ലല്ലോ എന്ന് ഹൈക്കോടതി പറഞ്ഞു. ദുരിതബാധിത പ്രദേശങ്ങൾ നേരത്തെ കേന്ദ്രസംഘം സന്ദർശിച്ചിരുന്നു. ഈ റിപ്പോർട്ട് ഉന്നതാധികാര സമിതിയുടെ പക്കലാണുള്ളത്. സമിതി യോഗം ചേരുന്നതോടെ പ്രത്യേക ധനസഹായം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനമാകും.