ന്യൂഡൽഹി: രാജ്യത്ത് പുതുതായി 10 വന്ദേ ഭാരത് സ്ലീപ്പറുകൾ അവതരിപ്പിക്കുമെന്ന് ഇന്ത്യൻ റെയിൽവേ. 2026-നകം ഇവ സർവീസ് ആരംഭിക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. ലോകോത്തര നിലവാരത്തിലാകും ഈ ട്രെയിനുകൾ പുറത്തിറങ്ങുക.
ഇന്ത്യയിലെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ വരും വർഷത്തിൽ ട്രാക്കിലിറങ്ങുമെന്നാണ് വിലയിരുത്തൽ. രണ്ട് മാസത്തെ പരീക്ഷണയോട്ടത്തിന് ശേഷമാകും വാണിജ്യ സേവനങ്ങൾക്കായി നൽകുകയെന്ന് ചെന്നൈയിലെ ഇൻ്റഗ്രൽ കോച്ച് ഫാക്ടറിയുടെ ജനറൽ മാനേജർ യു സുബ്ബ റാവു പറഞ്ഞു.
ദീർഘദൂരയാത്രകൾ സുഗമാക്കാൻ സ്ലീപ്പർ ട്രെയിൻ സഹായിക്കും. രാജധാനി ട്രെയിനുകളുടെ വെല്ലുന്ന സൗകര്യങ്ങളാണ് ഇതിലുള്ളത്. 800 മുതൽ 1,200 കിലോമീറ്റർ വരെയുള്ള യാത്രകൾക്കാണ് സ്ലീപ്പർ ട്രെയിൻ പരിഗണിക്കുന്നത്. 11 ത്രീ ടയർ എസി കോച്ചുകൾ, 4 ടു ടയർ എസി കോച്ചുകൾ, ഒരു ഫസ്റ്റ് ക്ലാസ് കോച്ച് എന്നിങ്ങനെ മൊത്തം 823 യാത്രക്കാരെ ഉൾക്കൊള്ളാൻ സ്ലീപ്പറിനാകും.
അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ട്രെയിൻ ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ് എന്നറിയപ്പെടുന്ന പൊതുമേഖലാ സ്ഥാപനമായ ബിഇഎംഎൽ ആണ് നിർമിച്ചിരിക്കുന്നത്. കൂട്ടിയിടി ഒഴിവാക്കാൻ കവച് സംവിധാനം, ഡ്രൈവർ കാബിനിലേക്കുള്ള എമർജൻസി ടോക്ക് ബാക്ക് യൂണിറ്റ് തുടങ്ങിയ സൗകര്യങ്ഹളും ഇതിലുണ്ട്. ബയോ വാക്വം ടോയ്‌ലറ്റുകൾ, ചൂടുവെള്ളത്തിൽ കുളിക്കാനുള്ള സൗകര്യം, സിസിടിവി, പാസഞ്ചർ അനൗൺസ്മെൻ്റ് സംവിധാനം എന്നിവ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിന്റെ പ്രത്യേകതകളാണ്. സ്ലീപ്പറിന്റെ റൂട്ട് സംബന്ധിച്ച വിവരങ്ങൾ റെയിൽവേ പുറത്തുവിട്ടിട്ടില്ല.