ബാല്യകാല അനുഭവങ്ങൾ പങ്കുവെച്ച് തെന്നിന്ത്യൻ താരം ശിവരാജ് കുമാർ. താരത്തിന്റെ പുതിയ ചിത്രം ഭൈരതി രണഗൽ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിലാണ് കുട്ടിക്കാലത്തെ കുറിച്ചുള്ള ഓർമകൾ ശിവരാജ് തുറന്നുപറഞ്ഞത്. ചിത്രം മികച്ച പ്രതികരണം നേടി ബോക്സോഫീസിൽ കുതിക്കുന്നതിനിടെയാണ് താരത്തിന്റെ വാക്കുകൾ ശ്രദ്ധനേടുന്നത്.
അച്ഛനും അമ്മയും വിവാഹിതരായി 12 വർഷങ്ങൾക്ക് ശേഷമാണ് ഞാൻ ജനിക്കുന്നത്. വലിയൊരു കുടുംബത്തിലാണ് ഞാൻ ജനിച്ചത്. നാലഞ്ച് സഹോദരങ്ങളോടൊപ്പം വളർന്നു. നാല് വയസ്സുള്ളപ്പോൾ ചെന്നൈയിലെ ഒരു തെരുവിലൂടെ അലഞ്ഞുതിരിഞ്ഞ് നടന്നു. ഒരുപാട് നേരം വീട്ടുകാർ അന്വേഷിച്ചു. പിന്നീട് എവിടെ നിന്നോ എന്നെ കണ്ടെത്തി. വസ്ത്രമൊന്നുമില്ലാതെ നിൽക്കുകയായിരുന്ന എന്നെയാണ് അവർ കണ്ടത്. എന്തുപറ്റിയെന്ന് ചോദിച്ചപ്പോൾ തൊട്ടടുത്ത് നിന്ന കുട്ടിയെ ഞാൻ ചൂണ്ടികാണിച്ചു കൊടുത്തു. കാരണം, എന്റെ വസ്ത്രമെല്ലാം ഞാൻ അവന് നൽകിയിരുന്നു.
എന്റെ അമ്മ, അച്ഛന്റെ അമ്മ, അച്ഛന്റെ സഹോദരി ഈ മൂന്ന് അമ്മമാരുടെ മകനായാണ് ഞാൻ വളർന്നത്. ഒരു ദിവസം ഏതോ വീട്ടിൽ പോയി കഴിക്കാൻ എന്തെങ്കിലും തരണമെന്ന് ആ വീട്ടിലുള്ളവരോട് പറഞ്ഞു. അവരെനിക്ക് ഭക്ഷണം തന്നു. അത് കഴിച്ച് ഞാൻ അവിടെ തന്നെ കിടന്നുറങ്ങി. അച്ഛൻ വന്നാണ് എന്നെ വീട്ടിലേക്ക് കൂട്ടുകൊണ്ടുവന്നതെന്നും ശിവരാജ് കുമാർ പറഞ്ഞു.















