ഇന്ദ്രൻസ് വേറിട്ട വേഷത്തിലെത്തുന്ന ചിത്രം ടൂ ഇൻ ആർമി ഈ മാസം 22-ന് തിയേറ്ററുകളിലെത്തും. നിസാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷഹീൻ സിദ്ദിഖാണ് നായകൻ. കോമഡിയിൽ നിന്ന് സീരിയസ് വേഷത്തിലേക്ക് ചേക്കേറിയ ഇന്ദ്രൻസ് മറ്റൊരു ശക്തമായ കഥാപാത്രത്തെയാണ് ടൂ ഇൻ ആർമിയിൽ അവതരിപ്പിക്കുന്നത്.
സുദിനം, ബുള്ളറ്റ്, അപരന്മാർ നഗരത്തിൽ, ബ്രിട്ടീഷ് മാർക്കറ്റ്, പടനായകൻ എന്നീ സിനിമകൾക്ക് ശേഷം നിസാർ സംവിധാനം ചെയ്യുന്ന സിനിമയാണിത്. എസ് കെ കമ്യൂണിക്കേഷൻസിന്റെ ബാനറിൽ കാസിം കണ്ടോത്താണ് ചിത്രം നിർമിക്കുന്നത്. പ്രസാദ് ഭാസ്കരനാണ് ടൂ ഇൻ ആർമിയുടെ തിരക്കഥ ഒരുക്കുന്നത്.
പേര് സൂചിപ്പിക്കുന്നത് പോലെ രണ്ട് കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചുള്ള സിനിമയാണ് ടൂ ഇൻ ആർമി. ആവശ്യത്തിലധികം സ്വത്തുക്കൾ സൂക്ഷിച്ചുവച്ചിരിക്കുന്ന ഒരു വൃദ്ധനും ഈ പണം തട്ടിയെടുക്കാനെത്തുന്ന ചെറുപ്പക്കാരനുമാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ. ഈ രണ്ട് കഥാപാത്രങ്ങളിലൂടെയാണ് ചിത്രം കടന്നുപോകുന്നത്.
റിലീസ് തീയതി പ്രഖ്യാപിച്ചുകൊണ്ട് ചിത്രത്തിന്റെ പുതിയ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. കൈലാഷ്, സുബ്രഹ്മണ്യൻ ബോൾഗാട്ടി, അജു വി എസ്, ജയ്സൺ മാർബേസിൽ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.















