തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിൽ വീണ്ടും ശുചീകരണ തൊഴിലാളികളുടെ പ്രതിഷേധം. പെട്രോളും തോരണങ്ങളുമായി എത്തിയ പ്രതിഷേധക്കാർ നഗരസഭ കവാടത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. നഗരസഭയുടെ ജീവനക്കാർ അല്ലാത്തവർ മാലിന്യം ശേഖരിക്കേണ്ടെന്ന് പറഞ്ഞ് ശുചീകരണ തൊഴിലാളികളുടെ 12 വാഹനങ്ങൾ നഗരസഭ പിടിച്ചെടുത്തിരുന്നു. ഇത് വിട്ടുകിട്ടണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
കവാടത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ തൊഴിലാളികളെ പിന്നീട് പൊലീസും അഗ്നിശമന സേനയും ഇടപെട്ട് താഴെ ഇറക്കി. മറ്റ് ശുചീകരണ തൊഴിലാളികൾ നഗരസഭയ്‌ക്കുള്ളിൽ കയറി മുദ്രാവാക്യം വിളിച്ചതോടെ സംഘർഷമുണ്ടായി. പിന്നീട് പൊലീസുകാർ ശുചീകരണ തൊഴിലാളികളെ സ്ഥലത്ത് നിന്ന് നീക്കുകയായിരുന്നു.
ഇതിന് മുൻപും തിരുവനന്തപുരം നഗരസഭ ശുചീകരണ തൊഴിലാളികളോട് കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് തൊഴിലാളികൾ ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. നഗരസഭയ്‌ക്ക് മുന്നിലുള്ള ആൽമരത്തിൽ വലിഞ്ഞുകയറിയായിരുന്നു ഭീഷണി.
13 വർഷമായി നഗരസഭയുടെ പരിധിയിൽ മാലിന്യങ്ങൾ നീക്കം ചെയ്യുന്ന ജോലികൾ ഇവർ ചെയ്യുന്നുണ്ട്. എന്നാൽ നഗരസഭയിലെ ജീവനക്കാർ അല്ലാത്തതിനാൽ മാലിന്യം ശേഖരിക്കേണ്ടെന്നാണ് നഗരസഭയുടെ പുതിയ തീരുമാനം.