ശബരിമല തീർത്ഥാടകർക്ക് നിലയ്‌ക്കലിൽ ദുരിതം. ടാപ്പുകളില്ലാത്ത വൃത്തിഹീനമായ ശുചിമുറികൾ ഉപയോഗിക്കേണ്ട ഗതികേടിലാണ് ഭക്തർ. ബക്കറ്റിൽ വെള്ളം എടുത്താണ് ഇവിടെയെത്തുന്നവർ പ്രാഥമികകൃത്യങ്ങൾ നടത്തുന്നത്. ടാപ്പും മറ്റ് സൗകര്യങ്ങളുമില്ലെങ്കിലും പൈസ ഈടാക്കുന്നതിൽ ഒരു കുറവുമില്ലെന്ന് തീർത്ഥാടകർ ആരോപിക്കുന്നു.
കുറ്റിയും കൊളുത്തും പോലുമില്ലാത്ത വാതിലുകളാണ് ഉള്ളതെന്നും ലവലേശം വൃത്തിയില്ലെന്നും ഭക്തർ ആരോപിക്കുന്നു. ഇതിന് പുറമേ നിലയ്‌ക്കലിലേ പാർക്കിംഗ് ഗ്രൗണ്ടിലും സ്ഥിതി രൂക്ഷമാണ്. മഴയൊന്ന് ചാറിയാൽ പാർക്കിംഗ് ഗ്രൗണ്ട് ചളിക്കുളമാകും. ചളിയിൽ താഴ്ന്ന വാഹനങ്ങൾ സ്റ്റാർട്ട് ചെയ്യാൻ പോലും ബുദ്ധിമുട്ടുകയാണ്. ചിലയിടത്ത് അറ്റകുറ്റപ്പണികൾക്കായി എത്തിച്ചിരിക്കുന്ന മെറ്റലുകൾ കൂട്ടിയിട്ടിരിക്കുകയാണ്. ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയെന്ന് സർക്കാരും ദേവസ്വം ബോർഡും അവകാശവാദങ്ങൾ ഉന്നയിക്കുന്നതിനിടയിൽ ഓരോ ഭക്തനും നരകയാതനയാണ് നൽകുന്നത്.
ചെറുവാഹനങ്ങൾ പോലും പമ്പയിലേക്ക് കടത്തി വിടാത്ത അവസ്ഥയാണുള്ളതെന്ന് ഭക്തർ പറയുന്നു. ഇതിന് പുറമേ കൊള്ള നിരക്കാണ് നിലയ്ക്കലിൽ പാർക്കിംഗ് ഫീസിന്റെ മറവിൽ ഈടാക്കുന്നത്. 26 സീറ്റോ അതിലധികമോ ഉള്ള ബസുകൾക്ക് 100 രൂപയാണ് പാർക്കിംഗ് ഫീസ്. ഫാസ്റ്റ് ടാഗ് ഇല്ലെങ്കിൽ 25 ശതമാനം അധികം നൽകണം. ഇതോടെ ഫീസ് 125 രൂപയായി ഉയരും. എല്ലാ വാഹനങ്ങൾക്കും ഇതേ നിബന്ധന ബാധകമാണ്.