വളരെയധികം ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് ഇഞ്ചി. കറികൾക്ക് രുചി കൂട്ടാനും വിവിധ രോഗങ്ങൾക്ക് മരുന്നായുമൊക്കെ ഇഞ്ചി ഉപയോഗിച്ച് വരുന്നു. ആൻറി-ഇൻഫ്ലമേറ്ററി, ആൻറി ഓക്‌സിഡൻറ് ഗുണങ്ങൾ ഇതിലടങ്ങിയിട്ടുണ്ട്. ദഹനം മെച്ചപ്പെടുത്താനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനു ഇഞ്ചി സഹായിക്കുന്നു. എന്നാൽ പലർക്കും ഇഞ്ചിയുടെ രുചി ഇഷ്ടപ്പെടണമെന്നില്ല. അത്തരക്കാർക്ക് പരീക്ഷിക്കാവുന്ന കിടിലിനൊരു ഐറ്റമാണ് ഇഞ്ചി അച്ചാർ. റെസിപ്പി ഇതാ..
ചേരുവകൾ
- ഇഞ്ചി- 250 ഗ്രാം
- വറ്റൽ മുളക്- നാലെണ്ണം
- കറിവേപ്പില
- ജീരകപ്പൊടി -കാൽ ടീസ്പൂൺ
- മല്ലിപ്പൊടി- കാൽ ടീസ്പൂൺ
- വാളംപുളി
- കടുക്
- വെളിച്ചെണ്ണ
- ശർക്കര- രണ്ട് ടീസ്പൂൺ
- ഉപ്പ്
തയ്യാറാക്കേണ്ട വിധം
ഇഞ്ചി തൊലി കളഞ്ഞ് വട്ടത്തിൽ അരിഞ്ഞെടുത്ത് വെളിച്ചെണ്ണയിൽ വറുത്തെടുക്കുക. ഇതേ എണ്ണയിൽ തന്നെ വറ്റൽ മുളകും കറിവേപ്പിലെയും വറുത്തെടുക്കുക. ഇതും ഇഞ്ചിയും ജീരകപ്പൊടിയും മല്ലിപ്പൊടിയും ചേർത്ത് മിക്സിയിൽ പൊടിച്ചെടുക്കുക. ഇതിലേക്ക് പുളിവെള്ളം ചേർത്ത് അരച്ചെടുക്കുക.
ചട്ടിയിൽ എണ്ണ ചൂടാക്കി കടുക് മൂപ്പിക്കുക. വറ്റൽ മുളക്, കറിവേപ്പില എന്നിവ ചേർത്ത് മൂപ്പിച്ചതിന് ശേഷം അരച്ച് വച്ചിരിക്കുന്ന ഇഞ്ചി ചേർത്തിളക്കുക. വീണ്ടും പുളി വെള്ളം ചേർക്കുക. തുടർന്ന് ശർക്കരയും ഉപ്പും ചേർക്കുക. കുറുക്കിയെടുത്താൽ ഇഞ്ചി അച്ചാർ തയ്യാർ.