ലഹ്‌ലി: രഞ്ജി ട്രോഫിയിൽ ഹരിയാനയെ സമനിലയിൽ തളച്ച് കേരളം. ആദ്യ ഇന്നിംഗ്സിൽ 127 റൺസിന്റെ ലീഡായിരുന്നു കേരളത്തിന്. രണ്ടാം ഇന്നിംഗ്സിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 125 റൺസെടുത്ത് ഡിക്ലയർ ചെയ്യുകയായിരുന്നു. എന്നാൽ ഗ്രൂപ്പ് സിയിൽ ഒന്നാമനായ ഹരിയാന 253 റൺസിന്റെ വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിന് ഇറങ്ങിയപ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 52 റൺസെന്ന നിലയിൽ കളി അവസാനിപ്പിച്ചു. ഒന്നാം ഇന്നിംഗ്സിൽ ലീഡ് നേടിയ കേരളം മൂന്നു പോയിന്റ് സ്വന്തമാക്കിയപ്പോൾ ഹരിയാനയ്‌ക്ക് ഒരു പോയിന്റ് ലഭിച്ചു. ലഹ്‌ലി ചൗധരി ബൻസിലാൽ സ്റ്റേഡിയത്തിലായിരുന്നു മത്സരം നടന്നത്.
ഏഴിന് 139 എന്ന നിലയിൽ അവസാന ദിനം മത്സരത്തിനിറങ്ങിയ ഹരിയാനയെ 164 ന് പുറത്താക്കിയാണ് കേരളം രണ്ടാം ഇന്നിംഗ്സിന് ഇറങ്ങിയത്. ബേസിൽ തമ്പിയും നിധീഷ് എം.ഡിയും മൂന്ന് വിക്കറ്റ് വീതം നേടിയപ്പോൾ ബേസിൽ എൻ.പി രണ്ടു വിക്കറ്റും സക്‌സേന ഒരു വിക്കറ്റും വീഴ്‌ത്തി. രണ്ടാം ഇന്നിങ്‌സില്‍ കേരളത്തിന്റെ രോഹന്‍ കുന്നുമ്മല്‍ പുറത്താകാതെ അര്‍ദ്ധസെഞ്ച്വറി നേടി. മത്സരത്തിൽ ഒന്നാം ഇന്നിംഗ്സിൽ ലീഡോടെ സമനില നേടിയപ്പോൾ 18 പോയിന്റുമായി കേരളം ഗ്രൂപ്പ് സിയിൽ രണ്ടാം സ്ഥാനത്തുണ്ട്.