പത്തനംതിട്ട: ശബരിമല തീർത്ഥാടന പാതയിൽ കെഎസ്ആർടിസി ബസിന് തീപിടിച്ചു. പമ്പയിൽ നിന്നു നിലയ്‌ക്കലേക്ക് പോയ ബസായിരുന്നു.
ഇന്ന് പുലർച്ചെ 5.30-നായിരുന്നു സംഭവം. ചാലക്കയത്തിനും നിലയ്‌ക്കലിനും ഇടയിലെ വനമേഖലയിലെ 30–ാം വളവിൽ വച്ചായിരുന്നു അപകടം. പമ്പയിൽ നിന്ന് നിലയ്‌ക്കലിലേക്ക് തീർത്ഥാടകരെ കയറ്റാൻ കാലിയായി പോകുകയായിരുന്നു.
വണ്ടി ഓടിക്കൊണ്ടിരിക്കുമ്പോൾ അസാധാരണ ഗന്ധം അനുഭവപ്പെടുകയായിരുന്നു. നോക്കിയപ്പോൾ പുകയും സ്പാർക്കും വരുന്നത് കണ്ടു. എൻജിന് അടിയിൽ നിന്നായിരുന്നു സ്പാർക്ക് ഉണ്ടായത്. പെട്ടന്ന് വണ്ടി സൈഡിലേക്ക് ഒതുക്കുകയായിരുന്നു. അതുവഴി കടന്നുപോയ വാഹനങ്ങളിലെ ഫയർ എക്സ്റ്റിംഗ്യൂഷറുകൾ ഉപയോഗിച്ച് തീയണയ്‌ക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്ന് കണ്ടക്ടർ പറഞ്ഞു. തീ പടർന്നു പിടിക്കുകയായിരുന്നു.
അപകടസമയം ഡ്രൈവറും കണ്ടക്ടറും മാത്രമാണ് ബസിലുണ്ടായിരുന്നത്. ഇരുവർക്കും പരിക്കില്ല. ബസ് പൂർണമായി കത്തിനശിച്ചു. പമ്പ, നിലയ്‌ക്കൽ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാസേന എത്തിയാണ് തീ അണച്ചത്.















