കണ്ണൂർ: ചെമ്പത്തൊട്ടി സെൻ്റ് ജോർജ് ഫെറോനാ പള്ളിയിൽ നിന്ന് കുമ്പസാര ശുശ്രൂഷകൾക്ക് വൈദികർ ഉപയോഗിക്കുന്ന വിശുദ്ധ ഊറാറ കാണാതാവുകയും പിന്നീട് ശുചിമുറിയിൽ നിന്നും കണ്ടെത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു.
ഊറാറ കുമ്പാസാര കൂട്ടിൽ തന്നെ സൂക്ഷിക്കുകയാണ് പതിവെന്ന് സെന്റ് ജോർജ്ജ് ഫൊറോനാ പള്ളി വികാരി ഫാ. ആന്റണി വ്യക്തമാക്കി. കാണാതായെന്ന് മനസിലാക്കി അന്വേഷണം നടത്തിയപ്പോഴാണ് ശുചിമുറിയിൽ നിന്ന് കണ്ടുകിട്ടിയതെന്ന് അദേഹം പറഞ്ഞു. ഇതിന് പിന്നിൽ ആരാണെന്ന് അറിയില്ല. വരാന്തയിൽ തൂണുകൾ ഉള്ളത് കൊണ്ട് കുമ്പസാരക്കൂട് ഇരിക്കുന്നിടം സിസിടിവിയിൽ വ്യക്തമായി പതിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇരിക്കൂർ ഉപവിദ്യാഭ്യാസ ജില്ലയിലെ കലോത്സവത്തിൽ പങ്കെടുക്കാൻ ചെമ്പത്തൊട്ടി ഹൈസ്‌കൂളിൽ എത്തിച്ചേർന്ന അദ്ധ്യാപകനും ഒരു കൂട്ടം വിദ്യാർത്ഥികളും കൂടി ചെമ്പത്തൊട്ടി സിഎസ്എൻ കോൺവെന്റിൽ എത്തി നിസ്‌ക്കരിക്കാൻ അനുവാദം ചോദിച്ചതും വിവാദമായിരുന്നു. സ്ത്രീകൾ മാത്രം ഉണ്ടായിരുന്നതിനാൽ അനുവദിക്കില്ലെന്ന് അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെ അസഭ്യവർഷം നടത്തി പ്രശ്നം സൃഷ്ടിച്ചു. തൊട്ടടുത്ത് മോസ്ക് ഉണ്ടായിട്ടും കന്യാസ്ത്രീ മഠത്തിലെത്തി നിസ്കരിക്കാൻ സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ടതിന് പിന്നിൽ ദുരൂഹതയുണ്ടെന്ന് വിശ്വാസികൾ പറയുന്നു.
എന്തുതന്നെയാണെങ്കിലും മുസ്ലിം മോസ്കുകൾ അടുത്ത് ഉണ്ടായിട്ടും അനാവശ്യമായി മറ്റു മതസ്ഥരുടെ ആരാധനാലയങ്ങളിലും കെട്ടിടങ്ങളിലും നിസ്കരിക്കണമെന്ന് ആവശ്യപ്പെട്ട് ഇക്കൂട്ടർ ഇതുപോലെ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് പൊതു സമൂഹത്തിന്റെ സമാധാന അന്തരീക്ഷത്തിന് ഭീഷണിയായി മാറിയിരിക്കുകയാണെന്ന് കാസ അഭിപ്രായപ്പെട്ടു. ദേവാലയത്തിലെ വിശുദ്ധ വസ്തുവിനെ അപമാനിച്ചവർക്കെതിരെയും മഠത്തിലെത്തി അസഭ്യം പറഞ്ഞവർക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് കാസ ആവശ്യപ്പെട്ടു. ക്രൈസ്തവ സമൂഹത്തെ അവഹേളിക്കുന്ന തരത്തിലുള്ള സംഭവങ്ങൾ തുടർക്കഥയാകുകയാണ്. ഇത് വിശ്വാസികളിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.















