ടെഹ്റാൻ: ഇറാൻ പരമോന്നത നേതാവ് അലി ഖമേനി തന്റെ പിൻഗാമിയായി മകനെ പ്രഖ്യാപിച്ചെന്ന് റിപ്പോർട്ട്. രണ്ടാമത്തെ മകൻ മൊജ്തബ ഖമേനിയെ അടുത്ത നേതാവായി തെരഞ്ഞെടുത്തതായി ഇസ്രായേൽ മാദ്ധ്യമ റിപ്പോർട്ട് ചെയ്യുന്നു. അതീവ രഹസ്യമായാണ് നടപടി. 85 കാരനായ അലി ഖമേനി മരണത്തിന് മുമ്പ് സ്ഥാനമൊഴിഞ്ഞേക്കും. പിതാവ് ജീവിച്ചിരിക്കുമ്പോൾ തന്നെ മകന്റെ സ്ഥാനാരോഹണ ചടങ്ങുകൾ നടത്തിയേക്കുമെന്നും സൂചനയുണ്ട്.
ഖമേനിയുടെ നിർദ്ദേശപ്രകാരം സെപ്റ്റംബർ 26ന് അതീവ രഹസ്യമായി നടന്ന യോഗത്തിലാണ് പിൻഗാമിയെ സംബന്ധിച്ച് തീരുമാനമുണ്ടായത്. യോഗത്തിലെ വിവരങ്ങൾ പുറത്ത് വിട്ടാൽ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ഖമേനി അംഗങ്ങളെ ഭീഷണിപ്പെടുത്തിയതായി റിപ്പോർട്ടുണ്ട്. അഞ്ച് ആഴ്ചയ്‌ക്ക് ശേഷം ഇറാൻ ഭരണകൂടത്തിന്റെ എതിരാളികളായ മാദ്ധ്യമമാണ് ആദ്യം വിവരം പുറത്ത് വിട്ടത്.
ഖമേനിയുടെ മകൻ പരമോന്നത നേതാവാകുന്നതിൽ ഇറാൻ ജനതയ്‌ക്ക് കടുത്ത എതിർപ്പുണ്ട്. ഇത് മുൻകൂട്ടി കണ്ടാണ് വിവരം രഹസ്യമായി സൂക്ഷിക്കാൻ തീരുമാനിച്ചത്.
ഔദ്യോഗിക പദവിയില്ലെങ്കിലും കഴിഞ്ഞ രണ്ട് വർഷമായി ഇറാനിയൻ ഭരണകൂടത്തിന്റെ തന്ത്രപരമായ പല തീരുമാനങ്ങൾക്ക് പിന്നിലും മൊജ്തബ ഖമേനിയാണെന്ന് പറയപ്പെടുന്നു.