സിഡ്നി: ലോകത്തിലെ എറ്റവും ഉയരം കൂടിയ ശ്രീരാമക്ഷേത്രം നിർമിക്കാൻ ഓസ്ട്രേലിയ തയ്യാറെടുക്കുന്നു. ഓസ്ട്രേലിയയിലെ പ്രധാന നഗരമായ പെർത്തിൽ 150 ഏക്കര്‍
സ്ഥലത്താണ് ബൃഹത് ക്ഷേത്രം ഉയരുന്നത്. 6 00 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് നേതൃത്വം നൽകുന്നത് ശ്രീറാം വേദിക് ആൻഡ് കൾച്ചറൽ ട്രസ്റ്റാണ്.
അഞ്ച് നിലകളിലായ 721 അടി ഉയരത്തിലാണ് രാമക്ഷേത്രത്തിന്റെ രൂപകൽപ്പന ചെയ്തിരിക്കുന്നത്. അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തിന്റെ രൂപരേഖ തയാറാക്കിയ ഗുജറാത്തിലെ പ്രശസ്ത വാസ്തുശില്പി ആശിഷ് സോംപുര തന്നെയാണ് പെർത്തിലെ ക്ഷേത്രത്തിന്റെ ഘടനയും തയ്യാറാക്കുന്നത്.
ക്ഷേത്ര പാതയിൽ 151 അടി ഉയരമുള്ള ഹനുമാന്‍ പ്രതിമയും സപ്തസാഗറില്‍ 51 അടി ഉയരമുള്ള ശിവ ഭഗവാന്റെ പ്രതിമയും സ്ഥാപിക്കും. പെര്‍ത്തിലെ അയോദ്ധ്യാപുരിയില്‍ സനാതന സര്‍വകലാശാലയും സ്ഥാപിക്കാനും പദ്ധതിയുണ്ട്. യോഗ- ധ്യാനകേന്ദ്രം, വേദപഠനകേന്ദ്രം, ഗവേഷണകേന്ദ്രം, മ്യൂസിയം, രാമായണ സദൻ ലൈബ്രറി, തുളസീദാസ് ഹാൾ തുടങ്ങിയവയും ക്ഷേത്രത്തിനോട് ചേർന്ന് ഒരുക്കും.
പ്രധാനമന്ത്രി നരേന്ദ്രമോദി ഭൂമിപൂജ നടത്തണമെന്നാണ് ഓസ്‌ട്രേലിയയുടെ പൊതുവായ ആഗ്രഹമെന്ന് ക്ഷേത്രനിര്‍മാണത്തിന്റെ ചുമതല വഹിക്കുന്ന ശ്രീരാമക്ഷേത്ര ഫൗണ്ടേഷന്‍ സെക്രട്ടറി അമോദ് പ്രകാശ് കത്യാര്‍ പറഞ്ഞു.