ഗുജറാത്തിലെ പോർബന്തറിൽ നിന്ന് ശനിയാഴ്ച പിടികൂടിയ 221 കോടി രൂപയുടെ മയക്കുമരുന്നുമായി ബന്ധപ്പെട്ട് നിർണ്ണായക വെളിപ്പെടുത്തൽ. സംഭവത്തിൽ പാക് ഐഎസ്ഐക്കും ലഹരിമരുന്നിന്റെ തമ്പുരാൻ’ എന്ന് വിളിപ്പേരുള്ള ഹാജി സലീമിനും ബന്ധമുണ്ടെന്നാണ് കണ്ടെത്തൽ. അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിനും ഐഎസ്ഐക്കും വേണ്ടി പ്രവർത്തിക്കുന്നയാളാണ് ഹാജി സലീം.
ഹാജി സലീമിന്റെ മയക്കുമരുന്ന് ശൃംഖല ലക്ഷ്യമിട്ട് സാഗർമന്ത’ എന്ന പേരിലുള്ള ഓപ്പറേഷൻ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ആരംഭിച്ചിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിർദ്ദേശപ്രകാരമായിരുന്നു രഹസ്യ നീക്കം. ഇതിന് പിന്നാലെയാണ് ഏകദേശം 4,000 കിലോ മയക്കുമരുന്ന് വിവിധ തീരങ്ങളിൽ നിന്നായി പിടിച്ചെടുത്തത്. നിരവധി പാകിസ്താനികളെ കയ്യോടെ പിടികൂടാനായതും അന്വേഷണ ഏജൻസികൾക്ക് നേട്ടമായി. പിടിച്ചെടുത്ത ചരക്കുകളിൽ 777, 555, 999, പറക്കും കുതിര, എണ്ണ തുടങ്ങിയ അടയാളങ്ങൾ കണ്ടെത്തിയതോടെയാണ് ഹാജി സലീം ബന്ധം അന്വേഷണ സംഘം സ്ഥിരീകരിച്ചത്
ഹാജി സലീമിന്റെ ക്രിമിനൽ- മയക്കുമരുന്ന് ശൃംഖലയിൽ പാകിസ്താനിൽ നിന്ന് ആരംഭിച്ച് ആഫ്രിക്ക വരെ എത്തി നിൽക്കുകയാണെന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ജ്ഞാനേശ്വർ സിംഗ് പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് കടത്തുകാരിൽ ഒരാളാണ് ഹാജി സലീം. ഇന്ത്യൻ മഹാസമുദ്രം കേന്ദ്രീകരിച്ചാണ് പ്രധാനമായും സംഘത്തിന്റെ ലഹരി കടത്ത്. ഇന്ത്യയെ കൂടാതെ അമേരിക്ക, മലേഷ്യ, ശ്രീലങ്ക, മൗറീഷ്യസ്, ന്യൂസിലാൻഡ്, തുടങ്ങി നിരവധി അന്താരാഷ്‌ട്ര ഏജൻസികൾ ഇയാൾക്കായി തെരച്ചിൽ നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
2015ൽ കേരള തീരത്ത് നിന്ന് പിടികൂടിയ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന മയക്കുമരുന്നിന് പിന്നിലും ഹാജി സലീം ബന്ധം കണ്ടെത്തിയിരുന്നു .















