കോഴിക്കോട്: 18 വർഷമായി സൗദിയിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിന്റെ മോചനം വീണ്ടും വൈകുന്നു. ഇന്ന് കോടതി മോചനം സംബന്ധിച്ച് ഉത്തരവിടുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും കേസ് പരിഗണിച്ച റിയാദ് കോടതി വിധി രണ്ടാഴ്ചത്തേക്ക് നീട്ടിവെയ്‌ക്കുകയായിരുന്നു.
സിറ്റിങ്ങിന് ശേഷം വിധി രണ്ടാഴ്ചക്ക് ശേഷമെന്ന് കോടതി അറിയിക്കുകയായിരുന്നു. റിയാദ് അൽ ഇസ്‌കാൻ ജയിലിലാണ് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീം കഴിയുന്നത്. സൗദി ബാലൻ മരിച്ച കേസിലാണ് അബ്ദുൾ റഹീം ജയിലിലായത്. വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് കഴിഞ്ഞിരുന്ന അബ്ദുൾ റഹീമിനെ വധശിക്ഷയിൽ നിന്ന് ഒഴിവാക്കാനായി 34 കോടി രൂപ ദിയാ ധനം നൽകിയിരുന്നു. ഇത് സ്വീകരിച്ച് കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബം മാപ്പു നൽകിയതോടെയാണ് ശിക്ഷയിൽ നിന്ന് ഒഴിവായത്.
ഒക്ടോബർ 21 നും റിയാദ് ക്രിമിനൽ കോടതി മോചനം സംബന്ധിച്ച കേസ് പരിഗണിച്ചെങ്കിലും വിധി പുറപ്പെടുവിക്കാനായി മറ്റൊരു ബഞ്ചിലേക്ക് മാറ്റുകയായിരുന്നു. വധശിക്ഷ റദ്ദാക്കിയ ബഞ്ച് തന്നെ മോചനം സംബന്ധിച്ച പബ്ളിക് പ്രോസിക്യൂഷൻ വാദങ്ങളും കേൾക്കണമെന്ന് ചീഫ് ജസ്റ്റിസിന്റെ ഓഫീസ് നിർദേശിക്കുകയും ചെയ്തിരുന്നു.
ഉത്തരവ് വൈകുന്നത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് അബ്ദുൾ റഹീമിന്റെ ഉമ്മയും സഹോദരനും പ്രതികരിച്ചു. വധശിക്ഷ റദ്ദാക്കിയിട്ട് 6 മാസത്തോളമായി . മോചനം വേഗത്തിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. നല്ല വാർത്ത ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജയിലിലെത്തി റഹീമിനെ കണ്ട് മടങ്ങിയതെന്നും സഹോദരന് പറഞ്ഞു. അടുത്തിടെ ഉമ്മ ഫാത്തിമയും സഹോദരനും സൗദി ജയിലിലെത്തി റഹീമിനെ കണ്ട് മടങ്ങിയിരുന്നു. ഇതിന് ശേഷം പ്രതീക്ഷയോടെ കാത്തിരിക്കുമ്പോഴാണ് വീണ്ടും വിധി പ്രസ്താവം മാറ്റിയത്. ലോകത്തുളള മലയാളികൾ ഒരുമിച്ച് കൈകോർത്താണ് അബ്ദുൾ റഹീമിന്റെ മോചനദ്രവ്യം സ്വരൂപിച്ച് നൽകിയത്.













