എരുമേലി: അയ്യപ്പൻമാർക്കായി 180 അന്നപ്രസാദ സേവന ക്യാമ്പുകൾ ആരംഭിച്ച് ശബരിമല അയ്യപ്പസേവ സമാജം. പ്രധാന ഇടത്താവളമായ എരുമേലിയിൽ ഉൾപ്പെടെയാണ് ക്യാമ്പുകൾ ആരംഭിച്ചിരിക്കുന്നത്. എരുമേലിയിലെ ക്യാമ്പിന്റെ ഉദ്ഘാടനം പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ നിലവിളക്ക് കൊളുത്തി നിർവഹിച്ചു.
എരുമേലി ശ്രീധർമ്മശാസ്താക്ഷേത്രത്തിന് പിന്നിൽ ശബരിമല അയ്യപ്പ സേവാസമാജത്തിന്റെ മന്ദിരത്തിലാണ് ക്യാമ്പ് ആരംഭിച്ചിരിക്കുന്നത്. എരുമേലിയിൽ എത്തുന്ന അയ്യപ്പന്മാർക്ക് ഭക്ഷണവും മറ്റു സേവനങ്ങളും നൽകുകയാണ് ലക്ഷ്യം.
ഭക്തർക്ക് വ്രതഭംഗം കൂടാതെ ശബരിമല തീർഥാടനം പൂർത്തിയാക്കുവാൻ സഹായിക്കുകയാണ് ലക്ഷ്യമെന്ന് അയ്യപ്പസേവ സമാജം സസ്ഥാന പ്രസിഡന്റ് അക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാട് പറഞ്ഞു. കേരളത്തിൽ എത്ര അന്നദാന ക്യാമ്പുകൾ വന്നാലും മതിയാകില്ലെന്ന് അദ്ദേഹം പറഞ്ഞു. വ്രതഭംഗമില്ലാതെ ശബരിമലയിലെത്താനുളള ഒരു മാർഗമാണത്.
അയ്യപ്പനെ മനസിൽ ധ്യാനിച്ച് സമർപ്പണത്തോടെയാണ് ക്യാമ്പിൽ അന്നദാനം നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ശബരിമല അയ്യപ്പ സേവാസമാജം ദക്ഷിണ ക്ഷേത്രീയ സമിതി സെക്രട്ടറി എം കെ അരവിന്ദാക്ഷൻ, ഉത്തര തമിഴ്‌നാട് ജനറൽ സെക്രട്ടറി ജി എൻ ജയറാം, സംസ്ഥാന സെക്രട്ടറി എസ് മനോജ്, ആർഎസ്എസ് വിഭാഗ് സേവാ പ്രമുഖ് ആർ രാജേഷ് എന്നിവർ എരുമേലിയിലെ ക്യാമ്പിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.