അതുല്യപ്രതിഭയുള്ള കലാകാരിയാണ് മഞ്ജു വാര്യർ. സ്കൂൾ യുവജനോത്സവ വേദിയിൽ നിന്നാണ് മഞ്ജു സിനിമയിൽ എത്തിയത്. കേന്ദ്ര മനുഷ്യശേഷി വികസന വകുപ്പിന്റെ നാഷണൽ ടാലന്റ സെർച്ച് ആൻഡ് ട്രെയിനിങ് സ്കോളർഷിപ്പ് അടക്കം സ്കൂളിൽ പഠിക്കുമ്പോൾ നടി നേടിയിട്ടുണ്ട്. കണ്ണൂർ ചിന്മയാ വിദ്യാലത്തിൽ ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു കേന്ദ്ര സ്കോളർഷിപ്പ് നേടിയത്. രണ്ട് വർഷം തുടർച്ചയായി സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ കലാ തിലകം പട്ടം അണിഞ്ഞിട്ടുള്ള മഞ്ജു വാര്യർ 1995-ൽ പുറത്തിറങ്ങിയ ‘സാക്ഷ്യം’ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തിയത്.
വീണ്ടും ഒരു സ്കൂൾ കലോത്സവ വേദി സജീവനാകുമ്പോൾ നടിയെ കുറിച്ചുള്ള പഴയ ഗുരുനാഥൻ എന്‍.വി. കൃഷ്ണന്റെ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ” ഇപ്പോഴും ഇടയ്ക്ക് വിളിക്കും. ‘ലേഡി സൂപ്പര്‍ സ്റ്റാര്‍’ എന്ന തലക്കനമൊന്നും മഞ്ജുവിനില്ല . കുടുംബകാര്യങ്ങള്‍ തിരക്കും സിനിമയില്‍ വരുംമുന്‍പേ പയ്യന്നൂര്‍ അമ്പല മൈതാനത്ത് ഉത്സവനാളില്‍ നൃത്തം ചെയ്തിട്ടുണ്ട്. താരമായി വളര്‍ന്നിട്ടും പയ്യന്നൂര്‍ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിൽ ഡാൻസ് ചെയ്തിരുന്നു. എന്റെ അഭിമാനമാണ് അവള്‍. എന്റെ കുട്ടിയാണ് ഞാന്‍ വിളിച്ചാല്‍ വരും”, പ്രിയ ശിഷ്യയെ കുറിച്ച് ഗുരുനാഥൻ അഭിമാനത്തൊടെ പറയുന്നു.
കണ്ണൂർ പയ്യന്നൂർ സ്വദേശിയായ എൻ.വി കൃഷ്ണൻ വർഷങ്ങളോളം മഞ്ജുവിനെ നൃത്തം അഭ്യസിപ്പിച്ചിട്ടുണ്ട്. ഷംന കാസിം, പാര്‍വതി നമ്പ്യാര്‍, ഹീര നമ്പൂതിരി, സയനോര ഫിലിപ്പ്, ചിത്ര അയ്യര്‍, വിപിന്‍ദാസ്, വിനീത്കുമാര്‍ തുടങ്ങിയവരേയും നൃത്തം പഠിപ്പിച്ചിട്ടുണ്ട്.















