ആലപ്പുഴ: മണ്ണഞ്ചേരിയിൽ മോഷണം നടത്തിയത് കുറുവ സംഘം തന്നെയെന്ന് പൊലീസിന്റെ സ്ഥിരീകരണം.
എറണാകുളം കുണ്ടന്നൂരിൽ നിന്ന് പിടിയിലായ സന്തോഷ് ശെൽവം കുറുവ സംഘാംഗമാണെന്ന് ആലപ്പുഴ ഡിവൈഎസ്പി മധു ബാബു വ്യക്തമാക്കി. പ്രതിയുടെ നെഞ്ചിൽ പച്ച കുത്തിയതാണ് ആളെ തിരിച്ചറിയുന്നതിൽ നിർണായകമായത്.
കുണ്ടന്നൂരിൽ നിന്ന് ഇന്നലെ പിടിയിലായ പ്രതി സന്തോഷ് ശെൽവവുമായി പൊലീസ് ട്രയൽ നടത്തി നോക്കിയിരുന്നു. മോഷണം നടന്ന വീട്ടിൽ ഇന്ന് പുലർച്ചെ മൂന്ന് മണിക്കാണ് ട്രയൽ നടത്തിയത്. മോഷണം നടന്ന സമയത്തെ അതേ വേഷവിധാനങ്ങളിൽ പ്രതിയെ എത്തിച്ചായിരുന്നു ട്രയൽ. ഈ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിലും പകർത്തി. മോഷണം നടന്ന സമയത്തെ സിസിടിവി ദൃശ്യങ്ങളും ട്രയൽ സമയത്തെ സിസിടിവി ദൃശ്യങ്ങളും ചേർത്തുവച്ച് പരിശോധിച്ചു. മുഖംമൂടി ധരിച്ച്, ആയുധധാരികളായി മോഷണം നടത്തുന്ന കുറുവ സംഘാംഗം തന്നെയാണ് സന്തോഷ് ശെൽവമെന്ന് ട്രയലിലൂടെ പൊലീസ് ഉറപ്പിച്ചു.
സന്തോഷിന്റെ നെഞ്ചിൽ പച്ച കുത്തിയത് ആളെ തിരിച്ചറിയാൻ സഹായകമായിരുന്നു. കേരളത്തിലും തമിഴ്നാട്ടിലും നിരവധി മോഷണ കേസുകളിലും പ്രതിയാണിയാൾ. തമിഴ്നാട് പൊലീസിൽ നിന്ന് ഇതുസംബന്ധിച്ച വിവരങ്ങൾ മണ്ണഞ്ചേരി പൊലീസ് വിവരങ്ങൾ തേടി. സന്തോഷിനൊപ്പം കസ്റ്റഡിയിലെടുത്ത മണികണ്ഠന്റെ കാര്യത്തിൽ വ്യക്തത വരാനുണ്ട്.
കുറുവാ സംഘത്തിൽ 14 പേരാണ് ഉളളത്. സംഘാംഗങ്ങൾ തമ്മിലും തർക്കങ്ങൾ നിലനിന്നിരുന്നതായി പോലീസ് പറയുന്നു. പ്രതിയെ പിടിച്ച കുണ്ടന്നൂരിൽ നിന്ന് ചില സ്വർണ്ണ ഉരുപ്പടികൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇവ പൂർണ രൂപത്തിലല്ല. കഷ്ണങ്ങളാക്കിയ നിലയിലുള്ള ആഭരണങ്ങളാണ് ലഭിച്ചത്. മോഷണ സംഘത്തിലെ കൂടുതൽ പേരെ പിടികൂടുന്നതിനും മുൻപ് നടത്തിയ മോഷണങ്ങൾ കണ്ടെത്തുന്നതിനും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.















