ന്യൂഡൽഹി: ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റ് കളിക്കണമെന്ന് സൗരവ് ഗാംഗുലി. നവംബർ 22 ന് പെർത്തിലാണ് ഓസ്‌ട്രേലിയക്കെതിരായ ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ ആദ്യ മത്സരം. എന്നാൽ ഭാര്യ റിതികയുടെ പ്രസവവുമായി ബന്ധപ്പെട്ട് രോഹിത്ത് പിതൃത്വ അവധിയെടുത്ത് ആദ്യ ടെസ്റ്റിൽ നിന്നും വിട്ടു നിൽക്കാൻ തീരുമാനിച്ചിരുന്നു. ഇത് തെറ്റായ തീരുമാനമാണെന്നാണ് മുൻ ബിസിസിഐ പ്രസിഡന്റ് കൂടിയായ ഗാംഗുലിയുടെ പ്രതികരണം.
അതേസമയം രോഹിത്തിന്റെ ഭാര്യ റിതിക കഴിഞ്ഞ ദിവസം ആൺകുഞ്ഞിന് ജന്മം നൽകിയിരുന്നു. ഡെലിവറി തീയതി ഒപ്‌റ്റസ് സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ ടെസ്റ്റിന് അടുത്തുള്ള ദിവസമായതിനാൽ രോഹിത് ഒന്നാം ടെസ്റ്റിന് ലഭ്യമായേക്കില്ലെന്ന് ബിസിസിഐയെ അറിയിച്ചിരുന്നു. അതുകൊണ്ട് തന്നെ ഓസ്‌ട്രേലിയക്ക് പുറപ്പെട്ട ആദ്യ ടീമിനൊപ്പം രോഹിത് ഉണ്ടായിരുന്നില്ല. ആദ്യ ടെസ്റ്റിന് രോഹിത്തിന്റെ സാന്നിധ്യം ഉണ്ടാകുമോ ഇല്ലയോ എന്ന് ഉറപ്പില്ലാത്തതിനാൽ പകരക്കാരനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇന്ത്യൻ ടീം മാനേജ്‌മെൻ്റ്.
എന്നാൽ രോഹിത്തിന്റെ ഈ തീരുമാനത്തിൽ അതൃപ്തി പ്രകടമാക്കിയിരിക്കുകയാണ് ഗാംഗുലി. ക്യാപ്റ്റന്റെ നേതൃത്വം ടീമിന് ആവശ്യമാണ്. ഓസ്‌ട്രേലിയയിൽ എത്താൻ ഇനിയും ധാരാളം സമയമുണ്ട്. രോഹിത്തിന്റെ സ്ഥാനത്ത് താനായിരുന്നെങ്കിൽ ഉറപ്പായും ആദ്യ ടെസ്റ്റ് കളിക്കുമായിരുന്നെന്നും താരം വ്യക്തമാക്കി.
“ടീമിന് നല്ലൊരു ക്യാപ്റ്റൻസി ആവശ്യമുള്ളതിനാൽ രോഹിത്ത് ഉടൻ പോകുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. അദ്ദേഹത്തിന്റെ ഭാര്യ ഒരു ആൺകുഞ്ഞിന് ജന്മം നൽകിയതായി ഞാൻ അറിഞ്ഞു. ഇനി അദ്ദേഹത്തിന് എത്രയും വേഗം ഓസ്ട്രേലിയയിലേക്ക് പോകാൻ കഴിയും. ഞാനായിരുന്നു രോഹിത്തിന്റെ സ്ഥാനത്തെങ്കിൽ, ആദ്യ ടെസ്റ്റ് ഉറപ്പായും കളിക്കുമായിരുന്നു.” ഗാംഗുലി റേവ്‌സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.















