വയനാട്: കൽപറ്റയിൽ സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റതായി സംശയം. മുട്ടിൽ ഡബ്ല്യുഒ യുപി സ്‌കൂളിലെ 17 വിദ്യാർത്ഥികൾക്കാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്.
ഉച്ചഭക്ഷണത്തിന് ശേഷം കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. പിന്നാലെ ഛർദ്ദിയും, പനിയും, വയറിളക്കവുമായി കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എൽപി സ്‌കൂൾ വിദ്യാർത്ഥികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുട്ടികൾ നിരീക്ഷണത്തിലാണെന്ന് ഡോക്ടർമാർ അറിയിച്ചു.
സംഭവത്തെ തുടർന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം സ്‌കൂളിൽ പരിശോധന നടത്തി. ഉച്ചഭക്ഷണത്തിന്റെ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. സ്‌കൂളിൽ നിന്ന് നിരവധി കുട്ടികൾ ഭക്ഷണം കഴിച്ചിട്ടുണ്ടെന്ന് സ്‌കൂൾ അധികൃതർ പറഞ്ഞു. നിലവിൽ മറ്റാർക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.