ന്യൂയോർക്ക്: സ്ഥാനമൊഴിയുന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി നിർണായക കൂടിക്കാഴ്ച നടത്തി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്. സൈബർ ഇടങ്ങളിലെ പ്രശ്‌നങ്ങൾ, തായ്‌വാൻ, ദക്ഷിണ ചൈന കടൽ, റഷ്യ-യുക്രെയ്ൻ സംഘർഷം തുടങ്ങീ നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട് ഇരുനേതാക്കളും ചർച്ചകൾ നടത്തി. ഡോണൾഡ് ട്രംപിന്റെ നേതൃത്വത്തിൽ വരാനിരിക്കുന്ന ഭരണകൂടവുമായി യോജിച്ച് പ്രവർത്തിക്കുമെന്നും ഷി ജിൻപിങ് ജോ ബൈഡന് ഉറപ്പ് നൽകി.
പെറുവിലെ ലിമയിൽ ഏഷ്യ-പസഫിക് ഇക്കണോമിക് കോർപ്പറേഷൻ ഫോറത്തിൽ പങ്കെടുക്കുന്നതിനായി എത്തിയപ്പോഴാണ് ഇരുനേതാക്കളും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. ചർച്ചകൾ രണ്ട് മണിക്കൂറോളം നീണ്ടതായും റിപ്പോർട്ടുകൾ പറയുന്നു. സുസ്ഥിരവും ആരോഗ്യകരവുമായ ഒരു ബന്ധമാണ് അമേരിക്കയുമായി ആഗ്രഹിക്കുന്നതെന്നും, ഇരുരാജ്യങ്ങൾക്കുമിടയിലുള്ള പ്രശ്‌നങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ഷി ജിൻപിങ് വ്യക്തമാക്കി. സഹകരണം മെച്ചപ്പെടുത്താൻ പുതിയ യുഎസ് ഭരണകൂടവുമായി ചേർന്ന് പ്രവർത്തിക്കാൻ ചൈന തയ്യാറാണെന്നും ഷി ജിൻപിങ് അറിയിച്ചു.
താൻ സ്ഥാനമൊഴിഞ്ഞ ശേഷവും പുതിയ ഭരണകൂടവുമായി ചർച്ചകൾ നടത്തേണ്ടത് അത്യാവശ്യമാണെന്ന് ബൈഡൻ ഷി ജിൻപിങ്ങിനോട് പറഞ്ഞതായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ അറിയിച്ചു. ‘അമേരിക്ക ഫസ്റ്റ്’ എന്ന നയത്തിന്റെ ഭാഗമായി ചൈനീസ് ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് 60% നികുതി ചുമത്തുമെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ട്രംപിന്റെ പ്രഖ്യാപനത്തെ ചൈന രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു. ഇതിന് പുറമെ ഭരണനേതൃത്വത്തിലെ നിർണായക സ്ഥാനങ്ങളിലെല്ലാം കടുത്ത ചൈനാ വിരുദ്ധരെയാണ് ട്രംപ് നിയമിച്ചിരിക്കുന്നത്. ഇതിനേയും ചൈന ആശങ്കയോടെയാണ് നോക്കിക്കാണുന്നത്.
തായ്‌വാനിലും ദക്ഷിണ ചൈനാ കടലിലും ചൈനീസ് സേന അവരുടെ സന്നാഹം വർദ്ധിപ്പിച്ചതിലെ ആശങ്കയും ബൈഡൻ എടുത്ത് പറഞ്ഞുവെന്ന് ജേക്ക് സള്ളിവൻ വ്യക്തമാക്കി. തായ്‌വാന് ചുറ്റുമുള്ള സൈനിക പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്ന് ബൈഡൻ ആവശ്യപ്പെട്ടതായും അദ്ദേഹം ചൂണ്ടിക്കാണിച്ചു. എന്നാൽ വിഘടനവാദ പ്രവർത്തനങ്ങളാണ് തായ്‌വാനിൽ നടക്കുന്നതെന്നും സ്ഥിരതയ്‌ക്കും സമാധാനത്തിനും എതിരായ നീക്കങ്ങൾ അംഗീകരിക്കാനാകില്ലെന്നുമാണ് ചൈനയുടെ വാദം. അതേസമയം നേതാക്കളുടെ കൂടിക്കാഴ്ചയിൽ ബൈഡൻ നൽകിയ പിന്തുണയ്‌ക്ക് തായ്‌വാൻ വിദേശകാര്യമന്ത്രാലയവും നന്ദി അറിയിച്ചിട്ടുണ്ട്. പ്രകോപനം സൃഷ്ടിക്കുന്നത് ചൈനയാണെന്നും, അതിർത്തി മേഖലയിൽ കടന്നുകയറിയുള്ള നീക്കങ്ങൾ അംഗീകരിക്കാനാകില്ലെന്നും അവർ പ്രസ്താവനയിലൂടെ അറിയിച്ചു.















