ന്യൂഡൽഹി: നൈജീരിയൻ സന്ദർശനം പൂർത്തിയാക്കിയ ശേഷം ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രസീലിലെത്തി. ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ബ്രസീലിലെ റിയോ ഡി ജനീറോയിൽ എത്തിയതായി പ്രധാനമന്ത്രി സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. വിവിധ ലോകനേതാക്കളുമായി ഫലപ്രദമായ കൂടിക്കാഴ്ചകൾ നടത്തുന്നതിന് വേണ്ടി കാത്തിരിക്കുകയാണെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.
വിദേശകാര്യമന്ത്രാലയവും ഇത് സംബന്ധിച്ച പോസ്റ്റ് സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. പ്രധാനമന്ത്രി റിയോ ഡി ജനീറോയിലെ വിമാനത്താവളത്തിൽ ഇറങ്ങുന്നതിന്റേയും, അദ്ദേഹത്തെ സ്വീകരിക്കുന്നതിന്റേയും ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഇന്നും നാളെയുമായി റിയോ ഡി ജനീറോയിലാണ് ജി20 ഉച്ചകോടി നടക്കുന്നത്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, യുഎസ് പ്രസിഡന്റ് ജോ ബൈഡൻ എന്നിവരും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.
ജി20 ഉച്ചകോടി പൂർത്തിയായതിന് ശേഷം പ്രധാനമന്ത്രി നാളെ ഗയാനയിലേക്ക് തിരിക്കും. പ്രസിഡന്റ് ഇർഫാൻ അലിയുടെ ക്ഷണപ്രകാരമാണ് അദ്ദേഹം ഗയാനയിലെത്തുന്നത്. 50 വർഷത്തിനിടെ ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഗയാനയിൽ എത്തുന്നത്. 21ാം തിയതി വരെ പ്രധാനമന്ത്രി ഗയാനയിൽ തുടരും. നൈജീരിയയിലെ സന്ദർശനത്തിന് ശേഷമാണ് പ്രധാനമന്ത്രി ബ്രസീലിലെത്തിയത്. നൈജീരിയയിൽ പ്രസിഡന്റ് ബോല അഹമ്മദ് ടിനുബുവുമായി ഉഭയകക്ഷി ചർച്ചകൾ നടത്തുകയും, രാജ്യത്തെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുകയും ചെയ്തിരുന്നു.
17 വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി നൈജീരിയയിലെത്തുന്നത്. നൈജീരിയയുടെ ദേശീയ പുരസ്‌കാരമായ ഗ്രാൻഡ് കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് നൈജർ നൽകിയാണ് രാജ്യം അദ്ദേഹത്തെ ആദരിച്ചത്. വിദേശത്ത് നിന്നും ഈ ബഹുമതി ലഭിക്കുന്ന രണ്ടാമത്തെ വ്യക്തിയാണ് അദ്ദേഹം. പ്രധാനമന്ത്രിക്ക് മുൻപ് എലിസബത്ത് രാജ്ഞിക്കും ഈ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഇതിന് പുറമെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒരു രാജ്യം നൽകുന്ന പതിനേഴാമത്തെ അന്താരാഷ്‌ട്ര പുരസ്‌കാരമാണിത്.















