പമ്പ: ശബരിമലയിലേക്കുള്ള തീർത്ഥാടന പാതയിൽ അപകടങ്ങൾ കുറയ്‌ക്കാനുള്ള മുന്നറിയിപ്പ് വീഡിയോയുമായി പൊലീസ്. പ്രത്യേക ക്യുആർ കോഡ് സ്‌കാൻ ചെയ്താൽ ജില്ലയുടെ അതിർത്തി മേഖലയായ കണമല വരെയുള്ള ശബരിമല പാതയിലെ അപകടസാധ്യതാ മേഖലകൾ വീഡിയോ രൂപത്തിൽ കാണാൻ സാധിക്കും. പരിശോധനാ പോയിന്റുകളിൽ പൊലീസ് വിതരണം ചെയ്യുന്ന പ്രത്യേക നിർദേശങ്ങളടങ്ങിയ നോട്ടീസിന്റെ ഒരു വശത്തായിട്ടാണ് ക്യുആർ കോഡ് പ്രിന്റ് ചെയ്തിരിക്കുന്നത്.
തീർത്ഥാടനകാലം ആരംഭിച്ചതിന് പിന്നാലെ പാതയിലുള്ള അപകടങ്ങളും തുടർക്കഥയായിട്ടുണ്ട്. ഇന്നലെ എരുമേലിയിലുണ്ടായ അപകടത്തിൽ തമിഴ്‌നാട്ടിൽ നിന്നുള്ള അഞ്ച് തീർത്ഥാടകർക്ക് പരിക്കേറ്റിരുന്നു. എരുമേലി കണമല അട്ടിവളവിൽ തീർത്ഥാടകർ സഞ്ചരിച്ച മിനിബസ് മറിഞ്ഞാണ് അപകടമുണ്ടായത്. ഈ വഴിയെക്കുറിച്ച് കൃത്യമായ ധാരണയില്ലാത്തവരാണ് അപകടത്തിൽ പെടുന്നവരിൽ ഭൂരിഭാഗവും. ഈ സാഹചര്യത്തിലാണ് പാതയിലെ അപകടസാധ്യതാ മേഖലകളെ കുറിച്ച് തീർത്ഥാടകർക്ക് മുന്നറിയിപ്പ് നൽകുക എന്ന ലക്ഷ്യത്തിൽ വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.
ശരണ പാതകൾ സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തിൽ മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ സേഫ് സോൺ എന്ന പദ്ധതിയും നടപ്പാക്കുന്നുണ്ട്. മുൻ കാലങ്ങളിൽ ശബരിമലയിലേക്കുള്ള കാനന പാതകളിൽ വാഹന അപകടങ്ങളും ബ്രേക്ക് ഡൗണുകളും പതിവാകുകയും സഹായത്തിനായി തീർത്ഥാടകർ മണിക്കൂറുകളോ ദിവസങ്ങളോ വനത്തിന് നടുവിൽ കാത്തിരിക്കേണ്ട സാഹചര്യമുണ്ടാവുകയും ചെയ്തതോടെയാണ് 24 മണിക്കൂർ പട്രോളിംഗും പ്രഥമ ശുശ്രൂഷ, എല്ലാ പ്രധാന വാഹന നിർമ്മാതാക്കളുടേയും ബ്രേക്ക് ഡൗൺ അസിസ്റ്റൻസ് എന്നിവ ഉൾപ്പെടുത്തി ‘സേഫ് സോൺ’ എന്ന ആശയം നടപ്പിലാക്കിയത്.
പത്തനംതിട്ട – പമ്പ, എരുമേലി – പമ്പ, കുമളി – പമ്പ എന്നീ റൂട്ടുകളിൽ 24 മണിക്കൂറും പട്രോളിംഗും ഇലവുങ്കൽ മെയിൻ കൺട്രോൾ റൂമും, എരുമേലി, കുട്ടിക്കാനം ഇവിടങ്ങളിൽ സബ് കണ്ട്രോൾ റൂമുകളും പ്രവർത്തിക്കുന്നുണ്ട്. അയ്യപ്പ ഭക്തർക്ക് വേണ്ടുന്ന മിക്കവാറും എല്ലാ സേവനങ്ങളും സേഫ് സോണിനു വേണ്ടി മറ്റു ഡിപ്പാർട്ടുമെന്റുകളായ ഫയർ ഫോഴ്സ്, പൊലീസ്, വനം, ആരോഗ്യം എന്നിവയുടെ സഹകരണത്തോടെ നൽകുവാൻ കഴിയുന്നുണ്ട്.















