കന്യാകുമാരി: കന്യാകുമാരി ഭഗവതി അമ്മൻ ക്ഷേത്രത്തിൽ ദർശന സമയം നീട്ടി. അയ്യപ്പഭക്തർക്ക് ബുദ്ധിമുട്ടില്ലാതെ ദർശനം നടത്തുന്നതിനാണ് ക്ഷേത്രത്തിൽ ദർശന സമയം നീട്ടിയത്.
നിലവിൽ കന്യാകുമാരി ഭഗവതി ക്ഷേത്രം ദിവസവും രാവിലെ 4.30 ന് തുറന്ന് 12.30 ന് അടയ്‌ക്കും. അതുപോലെ, വൈകുന്നേരം 4 മണിക്ക് തുറന്ന് രാത്രി 8.30 ന് അടയ്‌ക്കും. ശബരിമല സീസൺ ആരംഭിച്ചതിനാൽ ദൂരദേശങ്ങളിൽ നിന്ന് ശബരിമലയിൽ പോകുന്ന ഭൂരിഭാഗം ഭക്തരും കന്യാകുമാരിയിലെ ത്രിവേണി സംഗമത്തിൽ എത്തുകയും ഭഗവതിയെ ദർശിക്കുകയും പതിവാണ്. ഇതിനാൽ ഭക്തരുടെ തിരക്ക് ഒഴിവാക്കാൻ കാർത്തികമാസം ഒന്നാം തീയതി മുതൽ ക്ഷേത്രത്തിലെ ദർശന സമയം നീട്ടാൻ ജില്ലാ ക്ഷേത്ര ഭരണസമിതി നിർദേശിച്ചു.
ഇതേ തുടർന്ന് 12.30ന് അടയ്‌ക്കുന്ന നട 1 മണി വരെ നീട്ടി ഭക്തർക്ക് ബുദ്ധിമുട്ടില്ലാതെ ദേവിയെ ദർശിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. രാത്രി 8.30 ന് അടക്കുന്ന നട രാത്രി 9 മണിക്ക് അടയ്‌ക്കുന്ന രീതിയിൽ മാറ്റി . കുമാരി ജില്ലാ ക്ഷേത്ര ഭരണസമിതിയാണ് ഇതിനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്.















