തിരുവനന്തപുരം: മെഗാ സീരിയലുകൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് വനിത കമ്മിഷൻ. സീരിലുകളുടെ ദൈർഘ്യം 20 മുതൽ 30 എപ്പിസോഡായി നിജപ്പെടുത്തണം. ഒരുദിവസം ഒരു ചാനലിൽ രണ്ടു സീരിയൽ മതി. പുനഃസംപ്രേഷണം പാടില്ലെന്ന നിർദ്ദേശവും കമ്മീഷൻ മുന്നോട്ട് വെക്കുന്നുണ്ട്.
സീരിയലുകൾക്ക് സൈൻസറിംഗ് ആവശ്യമാണെന്നും വനിതാകമ്മിഷന്റെ പഠനറിപ്പോർട്ടിൽ പറയുന്നു. ഇതിന്റെ ചുമതല നിലവിലെ സിനിമാ സെൻസർ ബോർഡിനെ ഏൽപ്പിക്കുകയോ പ്രത്യേകബോർഡ് രൂപവത്കരിക്കുകയോ വേണം. ,
കുട്ടികൾ സീരിയലുകളിലെ അസാന്മാർഗിക കഥാപാത്രങ്ങളെ അനുകരിക്കുന്നതായും പഠനത്തിൽ കണ്ടെത്തി. സീരിയലുകളിലെ പ്രധാന കഥാപാത്രങ്ങൾ നെഗറ്റീവ് റോളിലാണ്.
ഇത്തരത്തിലുള്ള സീരിയലുകൾ സംപ്രേഷണംചെയ്യുന്നത് കുടുംബങ്ങളെയും കുട്ടികളെയും സാരമായി ബാധിക്കുന്നു.
മലപ്പുറം, കോട്ടയം, തിരുവനന്തപുരം ജില്ലകൾ കേന്ദ്രീകരിച്ചണ് കമ്മീഷൻ പഠനം നടത്തിയത്. 13-19 പ്രായക്കാരായ 400 ലധികം പേർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി. പരമ്പരകൾ തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന് 43 ശതമാനംപേർ കുറ്റപ്പെടുത്തി. പ്രമേയത്തിൽ മാറ്റംവരുത്തണമെന്ന് 57 ശതമാനം പേരും അഭിപ്രായപ്പെട്ടു.
കുട്ടികൾ അമിതമായി സമൂഹ മാദ്ധ്യമങ്ങൾ ഉപയോഗിക്കുന്നതിലും കമ്മീഷൻ ആശങ്ക രേഖപ്പെടുത്തി. അശ്ലീല ഉള്ളടക്കങ്ങൾ തിരയുന്നത് കർശനമായി നിയന്ത്രിക്കണമെന്നും വനിത കമ്മീഷന്റെ പഠന റിപ്പോർട്ടിൽ പറയുന്നു.