പാലക്കാട്: കോൺഗ്രസിനെ കടന്നാക്രമിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. യുഡിഎഫിന്റെ പ്രവർത്തകനായി നിൽക്കണമെങ്കിൽ മുസ്ലീംലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സാദ്ദിഖലി ശിഹാബ് തങ്ങളെ കാണണമെന്ന നിലയിലാണെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.
മതസമുദായിക നേതാക്കളിൽ നിന്ന് അനുഗ്രഹം വാങ്ങുന്നതാണ് വിഷയമെങ്കിൽ എന്തുകൊണ്ടാണ് മറ്റ് മതസാമുദായിക നേതാക്കിൽ നിന്നും യുഡിഎഫ് നേതാക്കൾ അനുഗ്രഹം വാങ്ങാത്തതെന്ന് കെ സുരേന്ദ്രൻ ചോദിച്ചു. പാലക്കാട് മാദ്ധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. കോൺഗ്രസിൽ ചേർന്നതിന്റെ രണ്ടാം നാൾ പാണക്കാട് തങ്ങളെ സന്ദീപ് വാര്യർ കണ്ടതിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
” ഭീകരവാദികളുമായി ചേർന്ന് പ്രവർത്തിക്കുകയാണ് വിഡി സതീശനും സംഘവും. ഇവർ കേരളത്തെ എങ്ങോട്ടാണ് നയിക്കുന്നത്. യുഡിഎഫിൽ ചേരുന്ന ഏതൊരു പ്രാദേശിക നേതാക്കന്മാരും പാണക്കാട് തങ്ങളെ കണ്ട് അനുഗ്രഹം വാങ്ങുന്നതിന് പിന്നിലുള്ള കാര്യമെന്താണ്? എന്തുകൊണ്ടാണ് ഇവർ മറ്റുള്ള സാമുദായിക നേക്കാളെ കാണാത്തത്. പോപ്പുലർ ഫ്രണ്ടും പാണക്കാട് തങ്ങളും മാത്രംമതി തെരഞ്ഞെടുപ്പിൽ ജയിക്കാനെന്ന് നിലപാടിലാണ് യുഡിഎഫ്. ഇത് കേരളത്തെ സംബന്ധിച്ചിടത്തോളം വലിയൊരു ചോദ്യ ചിഹ്നമായി ഉയരുകയാണ്. മതഭീകരവാദ ശക്തികൾക്ക് കോൺഗ്രസ് അടിമപ്പെട്ടുവെന്നതിന്റെ തെളിവാണിത്.”- കെ സുരേന്ദ്രൻ പറഞ്ഞു.
ഘടക കക്ഷിയുടെ നേതാവായിട്ടാണ് പാണക്കാട് തങ്ങളെ പോയി കണ്ടതെന്നാണ് കോൺഗ്രസിന്റെ വാദം. എന്നാൽ എന്തുകൊണ്ടാണ് ഘടകക്ഷിയുടെ മറ്റൊരു നേതാവായ പി ജെ ജോസഫിനെ കാണാതിരുന്നതെന്നും കെ സുരേന്ദ്രൻ ചോദിച്ചു. കോൺഗ്രസ് ഒരു വിഭാഗത്തിന്റെ താത്പര്യങ്ങൾക്ക് വേണ്ടി മാത്രം പ്രവർത്തിക്കുന്നവരായി മാറിയിരിക്കുന്നു.
പാലക്കാട്ടെ കോൺഗ്രസ് ഒരു കാലത്ത് എല്ലാവരെയും ഉൾക്കൊള്ളുന്നവരായിരുന്നു. എല്ലാ മതവിഭാഗത്തിൽപ്പെട്ടവർക്കും പ്രാധാന്യം നൽകുന്നവരായിരുന്നു. എന്നാൽ ഇന്ന് ഷാഫി പറമ്പിലിലും വിഡി സതീശനും കൂടി കോൺഗ്രസിനെ ഒരു വിഭാഗത്തിന്റെ ആലയിൽ തളയ്‌ക്കുകയാണ്. സമ്മർദ്ദ ശക്തികൾക്ക് കോൺഗ്രസ് അടിമപ്പെടുകയാണെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.