വാഷിംഗ്ടൺ: ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം ജൈവ പച്ചക്കറികളിൽ കണ്ടെത്തിയതിനെ തുടർന്ന് യുഎസിൽ ജാഗ്രത നിർദ്ദേശം. ഓർഗാനിക് രീതിൽ ചാക്കിൽ കൃഷി ചെയ്ത് കാരറ്റിലാണ് അണുബാധ കണ്ടെത്തിയത്. 18 സംസ്ഥാനങ്ങളിലായി 39 പേർക്ക് രോഗം ബാധിച്ചു. ഒരാൾ മരിച്ചതായും റിപ്പോർട്ടുണ്ട്.
കാലിഫോർണിയ ആസ്ഥാനമായുള്ള ഗ്രിംവേ ഫാമുകൾ ഉൽപാദിപ്പിക്കുന്ന കാരറ്റിലാണ് ബാക്ടീരിയ സാന്നിധ്യം സ്ഥിരീകരിച്ചത്. 365, കാൽ-ഓർഗാനിക്, നേച്ചേഴ്‌സ് പ്രോമിസ്, ഒ-ഓർഗാനിക്‌സ്, ട്രേഡർ തുടങ്ങി ഒന്നിലധികം ബ്രാൻഡ് നാമങ്ങളിലാണ് ഇവർ പച്ചക്കറി വിറ്റഴിച്ചത്. ഈ ബ്രാൻഡിലുള്ള കാരറ്റി വിപണിയിൽ നിന്നും തിരിച്ച് വിളിക്കാൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) നിർദ്ദേശം നൽകി.
കഴിഞ്ഞ മാസം പ്രമുഖ ഫുഡ് ബ്രാന്റായ മക്ഡൊണാൾഡ്‌സിലെ ബർഗറിൽ ഇ- കോളി ബാക്ടീരിയ കണ്ടെത്തിയിരുന്നു. ബർഗറിനകത്ത് ഉപയോഗിച്ച സവാള, ബീഫ് എന്നിവയായിയിരുന്നു പ്രശ്നമായത്.
മനുഷ്യരുടെയും മൃഗങ്ങളുടെയും കുടലില്‍ സാധാരണയായി കാണപ്പെടുന്ന ഒരുതരം ബാക്ടീരിയ ആയ എസ്‌ചെറിഷ്യ കോളി കാരണമാണ് ഇ-കോളി അണുബാധ ഉണ്ടാകുന്നത്. ഇ-കോളിയുടെ ഭൂരിഭാഗം ഇനങ്ങളും നിരുപദ്രകരമാണെങ്കിലും ചില ഇ-കോളി ഭക്ഷ്യജന്യ രോഗങ്ങള്‍ക്ക് കാരണമാകും. മലിനമായ ഭക്ഷണമോ വെള്ളമോ ഉപയോഗിക്കുന്നതിലൂടെയാണ് അണുബാധ ഉണ്ടാകുന്നത്.