നിറം മാറുന്നതിൽ പേരുകേട്ട ജീവിവർഗമാണ് ഓന്തുകൾ. പൊടുന്നനെ നിലപാട് മാറ്റിപ്പറയുന്നവരെ ഓന്തിനോട് ഉപമിക്കാറുമുണ്ട്. എന്നാൽ ഓന്ത് മാത്രമല്ല ഇങ്ങനെ സന്ദർഭോചിതമായി നിറം മാറുന്നത്. സാഹചര്യത്തിനൊത്ത് നിറം മാറുന്ന നിരവധി ജന്തുക്കൾ പ്രകൃതിയിലുണ്ട്. അത്തരത്തിലൊന്നാണ് ആർക്ടിക് ഫോക്സ് അഥവാ ആർക്ടിക് കുറുക്കന്മാർ.
വെള്ളക്കുറുക്കൻ, ധ്രുവക്കുറുക്കൻ, മഞ്ഞു കുറുക്കൻ എന്നിങ്ങനെയുള്ള പേരുകളും ഇവയ്‌ക്കുണ്ട്. അലാസ്ക മുതൽ ഗ്രീൻലൻഡ് വരെയുള്ള ആർക്ടിക് മേഖലകളിൽ കാണപ്പെടുന്ന ഇവയുടെ ഏറ്റവും വലിയ സവിശേഷതയാണ് തണുപ്പിനെ അതിജീവിക്കാനുള്ള കഴിവ്. അപാര തൊലിക്കട്ടിയാണ് ഇവർക്ക്. ലാബുകളിലേക്ക് കൊണ്ടുവന്ന ആർക്ടിക് കുറുക്കനെ -40 ഡിഗ്രി സെൽഷ്യസിൽ കിടത്തിയിട്ടും ഒരു കുലുക്കവുമുണ്ടായില്ലെന്നാണ് ഗവേഷകർ പറയുന്നത്.

സീസൺ അനുസരിച്ചാണ് ഇവരുടെ നിറം. ശൈത്യകാലത്ത് ഇവർക്ക് വെള്ളനിറമാകും. എന്നാൽ വേനൽ അടുക്കുന്നതോടെ നിറം മാറും. ഇതോടെ കറുത്ത നിറമോ, ചാരനിറമോ, ചാർകോൾ ബ്രൗണോ ആയിരിക്കും ഇവയുടെ ശരീരം. സീസൺ അനുസരിച്ച് തൊലിക്കട്ടി കൂടുകയും കുറയുകയും ചെയ്യുമ്പോഴാണ് നിറംമാറ്റം സംഭവിക്കുന്നത്. തണുപ്പിനെ അതിജീവിക്കാൻ ശൈത്യകാലത്ത് കമ്പിളിപോലെ രോമങ്ങൾ നിറയുമ്പോൾ വെള്ള നിറമാകുന്നു. വേനൽകാലത്ത് ഈ കമ്പിളി ആവരണം പതിയെ കൊഴിഞ്ഞുപോകാൻ തുടങ്ങും. അപ്പോഴാണ് ചാരനിറത്തിലേക്ക് മാറുന്നത്.

വെറും 3-5 കിലോ മാത്രമുള്ള ഈ കുട്ടിക്കുറുക്കന്മാർ അധികകാലം ജീവിച്ചിരിക്കാറില്ല. പരമാവധി 3-4 വർഷം കഴിയുമ്പോൾ ‘വീരചരമം’ പ്രാപിക്കും.















