പത്തനംതിട്ട: ശബരിമലയിലെത്തുന്ന കുഞ്ഞ് അയ്യപ്പന്മാർക്കും മാളികപ്പുറങ്ങൾക്കുമായി പ്രത്യേക ക്യൂ ഒരുക്കുമെന്ന് ദേവസ്വം ബോർഡ്. ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്താണ് ഇക്കാര്യം അറിയിച്ചത്. മണിക്കൂറുകളോളം ക്യൂവിൽ നിന്ന് ബുദ്ധിമുട്ടുന്ന കുട്ടികളുടെ ദുരവസ്ഥ പുറത്തെത്തിച്ച ജനം ടിവി വാർത്തയെ തുടർന്നാണ് അടിയന്തര ഇടപെടൽ.
മണിക്കൂറുകളോളമാണ് കുഞ്ഞ് അയ്യപ്പന്മാർ ക്യൂവിൽ നിൽക്കുന്നത്. ഇതിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായി വീഴുന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇത് ജനം ടിവി മാദ്ധ്യമ സംഘത്തിന്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്.
വെള്ളം പോലും കിട്ടാതെയാണ് കുട്ടികൾ മണിക്കൂറുകളോളം ക്യൂവിൽ നിൽക്കുന്നതെന്നും തിക്കിലും തിരക്കിലും അകപ്പെട്ട് കുട്ടികൾക്ക് പരിക്കേൽക്കുന്നുവെന്നും ഭക്തർ ജനം ടിവിയോട് പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
ഭക്തജന തിരക്ക് നിയന്ത്രിക്കാൻ സാധിക്കാതെ വരുന്ന സാഹചര്യങ്ങളിൽ കുട്ടികൾക്കും ദിവ്യാംഗർക്കും മുതിർന്ന ആളുകൾക്കും പരിഗണന നൽകുമെന്നും അവർക്ക് ശ്രീകോവിലിന്റെ മുമ്പിൽ തന്നെ ദർശനസൗകര്യം ഒരുക്കുമെന്നും ദേവസ്വം പ്രസിഡന്റ് അറിയിച്ചു.