ബോളിവുഡ് താരദമ്പതിമാരായ ആലിയ ഭട്ടിൻെറയും രൺബീർ കപൂറിന്റെയും മകൾ റാഹാ കപൂർ സോഷ്യൽ മീഡിയയിലെ താരമാണ്. എപ്പോഴൊക്കെ കുഞ്ഞു റാഹയുടെ ചിത്രങ്ങൾ പ്രത്യക്ഷപ്പെടാറുണ്ടോ അവിടെയെല്ലാം വലിയതോതിൽ ആരാധകരുടെ കമന്റുകളും നിറയാറുണ്ട്. എന്നാൽ മകളുടെ ചിത്രങ്ങൾ അധികം പങ്കുവയ്‌ക്കാനോ പൊതുമധ്യത്തിൽ മകളുമൊത്ത് ഫോട്ടോകൾക്ക് നിന്നുകൊടുക്കാനോ ദമ്പതിമാർ ഇഷ്ടപെടാറുമില്ല.
മിക്ക ചിത്രങ്ങളിലും റാഹയുടെ പ്രിയപ്പെട്ട ഡാഡി രൺബീറും ഒപ്പമുണ്ടാകാറുണ്ട്. അത്തരത്തിലൊരു ഡാഡി-മകൾ ചിത്രത്തിനുപിന്നാലെയാണ് സോഷ്യൽ മീഡിയ. ഒരു ഫാൻ പേജ് പോസ്റ്റ് ചെയ്തിരിക്കുന്ന മനോഹരമായ ചിത്രത്തിൽ കുഞ്ഞു റാഹയെ കയ്യിലേന്തി ഒരു സ്റ്റാഫ് അംഗത്തിനൊപ്പം പോസ് ചെയ്യുന്ന രൺബീറിനെ കാണാം. പിങ്ക് നിറത്തിലുള്ള സ്വിമ്മിങ് സ്യൂട്ടും വെള്ള നിറത്തിലുള്ള തലപ്പാവും ധരിച്ചിരിക്കുന്ന റാഹയിലേക്കാണ് എല്ലാവരുടെയും കണ്ണുകൾ ആദ്യമെത്തുക. കുഞ്ഞു കൈകളിൽ പേസ്റ്റൽ പിങ്ക് സൺഗ്ലാസും പിടിച്ചിട്ടുണ്ട്.
സ്വിമ്മിങ് സെഷനുശേഷം രൺബീറിനൊപ്പമുള്ള റാഹയുടെ ചിത്രങ്ങൾക്ക് ആരാധകരുടെ കമന്റുകൾ പ്രളയം തീർക്കുകയാണ്. “ശരിക്കും പാവക്കുട്ടിയെപോലെ”, “സ്വിമ്മിങ് സ്യൂട്ടിൽ ക്യൂട്ട്നെസ്സ് വർധിച്ചു”വെന്നുമൊക്കെയാണ് കമന്റുകൾ. എന്നാൽ ഒരു വിഭാഗം പേർ ഇത്തവണയും ചർച്ചയാക്കിയത് രൺബീറിന്റെ പിതാവ് ഋഷി കപൂറുമായുള്ള റാഹയുടെ അസാധാരണമായ സാദൃശ്യമാണ്. “മിനി ഋഷി” എന്നും ഋഷി കപൂറിന്റെ പഴയകാല ചിത്രമെന്നുമൊക്കെയാണ് അവർ റാഹയെ വിശേഷിപ്പിച്ചത്. ഇതിനുമുൻപും മുത്തച്ഛൻ ഋഷി കപൂറുമായുള്ള റാഹയുടെ സാമ്യം വാർത്തകളിൽ ഇടം പിടിച്ചിരുന്നു.