പത്തനംതിട്ട: ശബരമലയിൽ വെർച്വർ ക്യൂ വഴി ബുക്ക് ചെയ്യാതെ എത്തുന്ന ഭക്തർക്ക് തത്സമയ ബുക്കിംഗ് സൗകര്യം ഒരുക്കിയതായി ദേവസ്വം ബോർഡ്. മണപ്പുറം, എരുമേലി, സത്രം എന്നിവിടങ്ങളിലാണ് ഓൺലൈൻ ബുക്കിംഗ് സൗകര്യം ഏർപ്പെടുത്തിയത്.
വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്യാത്തവർ ആധാർ കാർഡുമായി കേന്ദ്രങ്ങളിലെത്തിയാൽ ഫോട്ടോ ഉൾപ്പെടെ എടുത്ത് വെർച്വൽ ക്യൂവിന്റെ അതേ നടപടിക്രമങ്ങളിലൂടെ തന്നെ ബുക്കിംഗ് നടത്താവുന്നതാണ്. പുല്ലുമേട് വഴി വരുന്ന തീർത്ഥാടകർക്ക് വണ്ടിപ്പെരിയാറിലുള്ള സത്രത്തിലെ തത്സമയ ബുക്കിംഗ് സൗകര്യം ഉപയോഗിക്കാം.
ദിനംപ്രതി 70,000 ഭക്തർക്ക് മാത്രമേ വെർച്വൽ ക്യൂ വഴി ബുക്കിംഗ് ചെയ്യാൻ സാധിക്കുകയുള്ളൂ. ഇത്തരത്തിൽ ബുക്ക് ചെയ്യാൻ സാധിക്കാതെ വരുന്നവർക്ക് തത്സമയ ബുക്കിംഗ് സഹായകരമാകുമെന്ന് ദേവസ്വം അറിയിച്ചു. ആധാർ കാർഡ്, വെർച്വൽ ക്യൂവിലൂടെ ബുക്ക് ചെയ്തതിന് ശേഷം ലഭിക്കുന്ന സ്ലിപ്പ്, അല്ലെങ്കിൽ പിഡിഎഫ് ഇവ ഭക്തർ കരുതണം.
ശബരിമലയിലെത്തുന്ന ഭക്തർക്ക് അടിയന്തര വൈദ്യസഹായം ഒരുക്കുന്നതിന് ശബരിമല പാതയിൽ കനിവ് 108 -ന്റെ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകളും വിന്യസിച്ചിട്ടുണ്ട്. പമ്പ മുതൽ സന്നിധാനം വരെ കാനനപാതയിൽ 19 എമർജൻസി മെഡിക്കൽ സെന്ററുകളും സജ്ജമാക്കിയിട്ടുണ്ട്.