ന്യൂഡൽഹി: പാകിസ്താൻ മാരിടൈം സെക്യൂരിറ്റി ഏജൻസി (PMSA) കപ്പൽ പിടികൂടിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി ഇന്ത്യൻ കോസ്റ്റ് ഗാർഡ്. കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ കപ്പൽ പാക് സമുദ്ര സുരക്ഷാ ഏജൻസിയുടെ കപ്പലിനെ തടഞ്ഞുനിർത്തി ഏഴ് മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ചത്.
മത്സ്യബന്ധന ബോട്ടായ കാല ഭൈരവിൽ ജോലിചെയ്തിരുന്ന മത്സ്യത്തൊഴിലാളികളെയാണ് പാക് സുരക്ഷാ ഏജൻസിയുടെ കപ്പലായ PMS നസ്രത്ത് പിടികൂടി ബന്ദികളാക്കിയത്. എന്നാൽ ഇന്ത്യൻ തീര സംരക്ഷണ സേനയുടെ കപ്പലായ അഗ്രിം രണ്ട് മണിക്കൂറോളം പാക് കപ്പലിനെ പിന്തുടർന്ന് തടയുകയായിരുന്നു. ഇന്ത്യ പിൻവാങ്ങാൻ തയാറാകാതിരുന്നതോടെ മറ്റുവഴികളില്ലാതെ പാക് കപ്പൽ മത്സ്യതൊഴിലാളികളെ മോചിപ്പിച്ചു.
ഇന്ത്യ-പാക് സമുദ്രാതിർത്തിക്ക് സമീപത്തുവച്ചാണ് മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്യുന്നത്. ഏഴുപേരെയും സുരക്ഷിതമായി തിരിച്ചെത്തിക്കാനായി. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്. എന്നാൽ മത്സ്യബന്ധന ബോട്ടായ കാലഭൈരവിന് കേടുപാടുകൾ സംഭവിക്കുകയും മുങ്ങിപോവുകയും ചെയ്തുവെന്ന് കോസ്റ്റ് ഗാർഡിന്റെ പ്രസ്താവനയിൽ പറഞ്ഞു. സംഭവത്തിൽ കോസ്റ്റ് ഗാർഡ്, സംസ്ഥാന പൊലീസ്, ഇന്റലിജൻസ് ഏജൻസികൾ, ഫിഷറീസ് അധികാരികൾ എന്നിവരെ ഉൾപ്പെടുത്തി വിശദമായ അന്വേഷണം നടത്തും.















