രാജ്യത്തിന്റെ ഉൾനാടൻ മേഖലകളിലുൾപ്പെടെ അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തിൽ ഐഎസ്ആർഒ വികസിപ്പിച്ച കമ്മ്യൂണിക്കേഷൻ സാറ്റലൈറ്റ് ജിസാറ്റ്-20(ജിസാറ്റ്-എൻ2) വിക്ഷേപണം വിജയകരം. അർദ്ധരാത്രിയോടെ ഫ്‌ളോറിഡയിലെ കേപ്പ് കനാവറലിൽ സ്‌പേസ് എക്‌സിന്റെ ഫാൽക്കൺ-9 റോക്കറ്റാണ് ജിസാറ്റുമായി കുതിച്ചുയർന്നത്. ഇതോടെ ബഹിരാകാശ മേഖലയിൽ വീണ്ടും പുതു ചരിത്രം കുറിച്ചിരിക്കുകയാണ് ഭാരതം.
ഐഎസ്ആർഒ നിർമിച്ച ഉപഗ്രഹത്തിന് 4,700 കിലോഗ്രാമാണ് ഭാരം. എൽ.വി.എം-3യുടെ വാഹകശേഷിയെക്കാൾ കൂടുതലാണ് ഇതിന്റെ ഭാരം. അതിനാൽ ഇലോൺ മസ്‌കിന്റെ സ്‌പേസ് എക്‌സുമായി സഹകരിച്ചാണ് പദ്ധതി മുന്നോട്ട് നീക്കിയതെന്നും ഐഎസ്ആർഒ അറിയിച്ചു. 34 മിനിറ്റുകൾകൊണ്ട് ബഹിരാകശത്തെത്തിയ റോക്കറ്റിൽ നിന്നും ഉപഗ്രഹം വേർപ്പെട്ട് ഭ്രമണപഥത്തിൽ എത്തി.
ജിസാറ്റ്-എൻ2 എന്നും അറിയപ്പെടുന്ന കമ്മ്യൂണിക്കേഷൻ സാറ്റലൈറ്റിൽ എട്ട് നാരോ സ്‌പോട്ട് ബീമുകളും 24 വൈഡ് സ്‌പോട്ട് ബീമുകളും ഉൾപ്പെടെ 32 യൂസർ ബീമുകൾ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. ഉപഗ്രഹം പ്രവർത്തനക്ഷമമായാൽ, വിദൂര പ്രദേശങ്ങളിലേക്കുള്ള ഇന്റർനെറ്റ് കണക്റ്റിവിറ്റിയും ഇൻ-ഫ്‌ളൈറ്റ് ഇന്റർനെറ്റ് സേവനങ്ങളും ഉൾപ്പെടെ രാജ്യത്തുടനീളം സുപ്രധാന സേവനങ്ങൾ ലഭിക്കും.
ലക്ഷദ്വീപ്, ആൻഡമാൻ തുടങ്ങിയ ദ്വീപ് പ്രദേശങ്ങളും ഇതിൽ ഉൾപ്പെടുന്നു. വിമാനങ്ങളിൽ ഇന്റർനെറ്റ് സേവനം ഒരുക്കുന്നതിനും ഇത് സഹായിക്കും.















