തിരുവനന്തപുരം: ആറ്റുകാലിൽ ഭാരതംബയുടെ ചിത്രം വികൃതമാക്കിയ സംഭവത്തിൽ പ്രതികരിച്ച് ഹിന്ദു ഐക്യവേദി മുഖ്യരക്ഷാധികാരി കെ.പി ശശികല ടീച്ചർ. മോശം ചിന്താഗതികളോടെ വളർന്നുവരുന്ന കുട്ടികൾ രാഷ്‌ട്രത്തിന് തന്നെ അപകടമാണെന്നും വിഷയത്തെ ഗൗരവമായി തന്നെ കാണണമെന്നും അവർ ആവശ്യപ്പെട്ടു.
ഫ്ലക്സ് ബോർഡിലെ ഭാരതംബയുടെ ചിത്രം കുത്തിക്കീറിയത് കാണുമ്പോൾ ദുഃഖമാണോ ഭയമാണോ ആശങ്കയാണോയെന്നറിയില്ല. വിദ്യാർത്ഥികളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അവരെ അതിലേക്ക് നയിച്ച സാഹചര്യമെന്താണെന്ന് നോക്കണം. അവരുടെ മതപഠനമാകും അവരെ അതിലേക്ക് നയിച്ചത്. മതപഠനത്തെ കാര്യമായ ചർച്ചയ്‌ക്ക് വിധേയമാക്കേണ്ട സമയം വൈകിയിരിക്കുന്നുവെന്നും കെപി ശശികല ടീച്ചർ ജനം ടിവിയോട് പറഞ്ഞു.
കത്തിയുമായി നടക്കുന്ന ക്രിമിനലുകളാണ് ഇവർ. ആസൂത്രിതമായി തന്നെയാണ് അക്രമികളെത്തിയത്. ഇത്തരത്തിൽ കുട്ടികളെ പറഞ്ഞയച്ചവരോ അല്ലെങ്കിൽ ഇവരെ രൂപപ്പെടുത്തിയവരോ, അവരെ കുറിച്ച് ചർച്ചകൾ നടക്കണം. അരുതാത്ത ഒരു കാര്യവും ഇവിടെ പഠിപ്പിക്കാനുള്ള സംവിധാനം ഉണ്ടാകരുതെന്നും ശശികല ടീച്ചർ ആവശ്യപ്പെട്ടു.
ഈ മനസുമായി വളർന്നുവരുന്ന കുട്ടികൾ നാളെ ഈ രാഷ്‌ട്രത്തോടും അവർക്കൊപ്പം കഴിയുന്ന ഇതര മതസ്ഥരോട് എന്താകും ചെയ്യുകയെന്നും അവർ ചോദിച്ചു. മോശം ചിന്താഗതികളോടെ വളർന്നുവരുന്ന കുട്ടികൾ രാഷ്‌ട്രത്തിന് തന്നെ അപകടമാണ് സൃഷ്ടിക്കുന്നത്. വികൃതമായ ചിന്താഗതികളോടെയാണ് അവർ വളർന്നുവരുന്നത്. വിഷയത്തെ ചെറുത്താക്കി കാണരുത്. എല്ലാ മതങ്ങളുടെയും മതപഠന സിലബസ് എല്ലാവരും ഒരുമിച്ചിരുന്ന് കൊണ്ടാകണം നിർമിക്കാനെന്നും അവർ അഭിപ്രായപ്പെട്ടു.
ബോധമുറയ്‌ക്കാൈത്ത പ്രായത്തിലാണ് കുട്ടികളെ മതപഠന ക്ലാസിനായി പറഞ്ഞുവിടുന്നത്. പഠിക്കുന്നത് തലയിൽ ഉറച്ചുനിൽക്കുന്ന അതിരാവിലെയാണ് കുട്ടികളെ മതപഠന ക്ലാസിന് അയക്കുന്നത്. അന്യമത വിരോധവും രാഷ്‌ട്ര വിരോധവുമാണ് അവിടെ പഠിപ്പിക്കുന്നതെന്ന് ഈ സംഭവങ്ങളിലൂടെ വ്യക്തമായി. കേരളത്തിൽ ഗൗരവമായ ചർച്ചകൾ നടക്കണം. കേരളത്തിൽ മാത്രമല്ല ഭാരതത്തിൽ തന്നെ മതപഠനം നിയന്ത്രിക്കണം. എല്ലാ മതത്തിൽ പെട്ട വിദ്യാഭ്യാസ വിദഗ്ധന്മാരും ഉൾപ്പെട്ട ഒരു ബോർഡ് അംഗീകരിക്കാത്ത ഒരു പാഠ്യപദ്ധതിയും മതപഠനത്തിന് അനുവദിക്കരുതെന്നും കെ.പി ശശികല ടീച്ചർ ആവശ്യപ്പെട്ടു.















