മുംബൈ: 2025 സാമ്പത്തിക വർഷാവസാനത്തോടെ രാജ്യത്ത് പുതുതായി 500 SBI ബ്രാഞ്ചുകൾ കൂടി ആരംഭിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. ഇതോടെ ആകെ ബ്രാഞ്ചുകൾ 23,000 ആകും. 1921-ൽ 250 ശാഖകളുണ്ടായിരുന്നത് ഇപ്പോൾ 22,500 ആയെന്നും അഭൂതപൂർവമായ വളർച്ചയാണ് എസ്ബിഐ കൈവരിക്കുന്നതെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. മുംബൈയിലെ ബ്രാഞ്ചിന്റെ നൂറാം വാർഷികത്തിൽ സംസാരിക്കുകയായിരുന്നു കേന്ദ്ര ധനമന്ത്രി.
ഇന്ന് രാജ്യത്തെ നാലിലൊന്ന് ഇടപാടുകളും നടക്കുന്നത് 1924-ൽ സ്ഥാപിതമായ മുംബൈ ബ്രാഞ്ചിലാണ്. നൂറാം വാർഷികത്തെ അടയാളപ്പെടുത്തുന്നതിനായി 100 രൂപ നാണയവും നിർമലാ സീതാരാമൻ പുറത്തിറക്കി. എസ്ബിഐയ്‌ക്ക് നൂറ്റാണ്ടുകൾ പഴക്കമുള്ള 43 ശാഖകൾ രാജ്യത്തുടനീളമുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 1981-നും 1996-നും ഇടയിൽ എസ്ബിഐ കൈവരിച്ച നേട്ടങ്ങളും വളർച്ചയും ഉൾപ്പടെ സമഗ്ര ചരിത്രം വിവരിക്കുന്ന പുസ്തകവും ചടങ്ങിൽ പ്രകാശനം ചെയ്തു.
50 കോടി ഉപഭോക്താക്കൾക്ക് ബാങ്കിംഗ് സേവനങ്ങൾ നൽകാൻ എസ്ബിഐയ്‌ക്ക് സാധിക്കുന്നു. ഡിജിറ്റൽ നിക്ഷേപകരും ആദ്യം തെരഞ്ഞെടുക്കുന്നത് എസ്ബിഐയാണെന്ന് അവർ പറഞ്ഞു. പ്രതിദിനം 20 കോടി രൂപയുടെ യുപിഐ പണമിടപാടുകളാണ് നടത്തുന്നത്. രാജ്യത്തെ മൊത്തത്തിലുള്ള നിക്ഷേപത്തിൽ 22.4 ശതമാനം വിഹിതം വഹിക്കുന്നത് എസ്ബിഐയാണ്. വരുമാന അസമത്വങ്ങളുടെ പേരിൽ ഇന്ത്യ ആവർത്തിച്ച് പരിഹസിക്കപ്പെടുന്ന സാഹചര്യത്തിൽ എസ്ബിഐയുടെ വളർച്ച ആഗോള റെക്കോർഡാണെന്ന് വിലയിരുത്താമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.