തിരുമല: തിരുപ്പതിയിലെ ജീവനക്കാരിൽ അഹിന്ദുക്കളെ ഒഴിവാക്കാൻ നടപടിയുമായി തിരുമല തിരുപ്പതി ദേവസ്ഥാനം (TTD). അഹിന്ദുക്കളായ ജീവനക്കാർ സർക്കാരിന്റെ മറ്റ് സെക്ടറുകളിൽ ജോലി നോക്കുകയോ സ്വമേധയാ വിരമിക്കുന്ന വൊളന്ററി റിട്ടയർമെന്റ് സ്കീം (VRS) തിരഞ്ഞെടുക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് TTD പ്രമേയം പാസാക്കി.
തിരുപ്പതിയിലെ ലഡ്ഡുവിവാദം ചർച്ചയായതിന് പിന്നാലെ ജീവനക്കാരെല്ലാം ഹിന്ദുക്കളാകേണ്ടതിന്റെ ആവശ്യകത പുതിയ TTD ചെയർമാൻ ബി.ആർ നായിഡു ചൂണ്ടിക്കാട്ടിയിരുന്നു. ടിടിഡിയിലെ ജീവനക്കാരെല്ലാം ഹിന്ദുവായിരിക്കണമെന്നും അതിനായി പ്രയത്നിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഇതുകഴിഞ്ഞ് മൂന്നാഴ്ച പിന്നിടുമ്പോഴാണ് ഇതുസംബന്ധിച്ച പ്രമേയം ടിടിഡി പാസാക്കിയിരിക്കുന്നത്.
ആന്ധ്രാപ്രദേശിലെ തിരുമല വെങ്കിടേശ്വര ക്ഷേത്രം ഉൾപ്പെടെ വിവിധ ക്ഷേത്രങ്ങൾ നിയന്ത്രിക്കുന്ന സ്വതന്ത്ര ട്രസ്റ്റാണ് ടിടിഡി. അഹിന്ദുക്കളായ തൊഴിലാളികളെ ക്ഷേത്രജീവനക്കാരുടെ കൂട്ടത്തിൽ ഉൾപ്പെടുത്തേണ്ടതില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ട്രസ്റ്റ് ചെയർമാൻ ബി.ആർ നായിഡു. കൂടാതെ ക്ഷേത്രത്തിനകത്തും പരിസരപ്രദേശങ്ങളിലും ഹിന്ദു കച്ചവടക്കാർക്ക് മാത്രമേ പ്രവർത്തിക്കാൻ അനുവാദം നൽകൂവെന്നും ക്ഷേത്രട്രസ്റ്റ് അറിയിച്ചു. അഹിന്ദുക്കളായ കച്ചവടക്കാരെ ക്ഷേത്രാതിർത്തികളിൽ നിന്ന് നീക്കം ചെയ്യുമെന്ന് ടിടിഡി വ്യക്തമാക്കി.