ഇസ്ലാമാബാദ്: കർശനമായ ഇന്റർനെറ്റ് നിയന്ത്രങ്ങളുള്ള രാജ്യമാണ് പാകിസ്താൻ. പല കോണ്ടെന്റുകളും ഓൺലൈനിൽ പോസ്റ്റ് ചെയ്യുന്നതിന് സെൻസർഷിപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഈ നിയന്ത്രണങ്ങളില്ലാതെ ഉപയോഗിക്കുന്ന വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്കുകളും (VPN) നിരോധിക്കണമെന്നാണ് പാകിസ്താനിലെ മതപുരോഹിതരുടെ ആവശ്യം. വിപിഎന്നുകൾ ഇസ്ലാമിക നിയമങ്ങൾ ലംഘിക്കുന്നവെന്നാണ് ഇവരുടെ വാദം.
തിന്മയുടെ വ്യാപനത്തിലേക്ക് നയിക്കുന്ന പ്രവർത്തനങ്ങൾ തടയാൻ ശരീഅത്ത് സർക്കാരിനെ അനുവദിക്കുന്നുണ്ടെന്നും അതിനാൽ വിപിഎന്നുകളുടെ ഉപയോഗവും വിലക്കണമെന്നാണ് മതപരമായ വിഷയങ്ങളിൽ സർക്കാരിനെ ഉപദേശിക്കുന്ന കൗൺസിൽ ഓഫ് ഇസ്ലാമിക് ഐഡിയോളജിയുടെ ചെയർമാൻ റാഗിബ് നയീമിയുടെ ആവശ്യം.
2023 ഫെബ്രുവരി മുതൽ പാകിസ്താനിൽ എക്‌സിന് വിലക്കേർപ്പെടുത്തിയിരുന്നു. പാർലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് സർക്കാർ നിരോധനം നിലവിൽ വന്നത്. എന്നാൽ അപ്പോഴും വിപിഎൻ നിരോധിച്ചിരുന്നില്ല. ഇത് മറ്റുള്ളവർക്ക് ദൃശ്യമാകാത്ത തരത്തിൽ ഉപയോക്താക്കൾക്ക് ഓൺലൈൻ ആക്ടിവിറ്റികളിൽ സജീവകമാകാൻ സഹായിച്ചിരുന്നു. തീവ്രവാദം തടയാനാണ് വിപിഎന്നുകളും നിരോധിക്കാൻ ഒരുങ്ങുന്നതെന്നാണ് അധികാരികളുടെ വാദം. എന്നാൽ ജനങ്ങളുട അഭിപ്രയ സ്വന്തന്ത്രത്തിനുമേലുള്ള കടന്നുകയറ്റമാണിതെന്നാണ് വലിയൊരു വിഭാഗത്തിന്റെയും വിമർശനം.
തടവിലാക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പിന്തുണക്കാരും പാകിസ്താനിൽ വിപിഎൻ ഉപയോഗിക്കുന്നവരിൽ ഉൾപ്പെടുന്നുണ്ട്. ഇമ്രാൻഖാന്റെ പാർട്ടി പ്രവർത്തകരുടെ റാലികൾക്കിടെ പാക് സർക്കാർ മൊബൈൽ ഫോൺ സേവനം നിർത്തലാക്കാറുണ്ട്. എന്നാൽ വിപിഎൻ ഉപയോഗിക്കുന്നത് ശരീഅത്തിന് എതിരാണെന്ന നയീമിയുടെ പ്രഖ്യാപനം ജനങ്ങളെ അമ്പരപ്പിച്ചിരിക്കുകയാണ്.