ലോകത്തെമ്പാടുമുള്ളവർക്ക് ഇന്ന് സുപരിചതനായ വ്യക്തിയാണ് ശതകോടീശ്വരൻ ബ്രയാൻ ജോൺസൺ. വ്യവസായത്തിലൂടെ കോടികൾ സമ്പാദിച്ച് ആ പണം കൊണ്ട് ദീർഘായുസ്സിനായി പരീക്ഷണങ്ങൾ നടത്തുന്ന ബ്രയാൻ ജോൺസൺ പലപ്പോഴും വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ട്. 150 വയസുവരെ ആരോഗ്യത്തോടെ ജീവിക്കുകയാണ് ശതകോടീശ്വരന്റെ ലക്ഷ്യം.
സ്വന്തം മകനേക്കാൾ ചെറുപ്പം തോന്നുന്ന ഒരു അച്ഛനുണ്ടെങ്കിൽ അതാണ് ബ്രയാൻ. കഴിഞ്ഞ ഏതാനും വർഷങ്ങളായി തുടരുന്ന ഡയറ്റിന്റെയും കഴിക്കുന്ന മരുന്നുകളുടെയും ഫലമായി കാഴ്ചയിൽ പ്രായം കുറയ്‌ക്കാൻ ബ്രയാന് കഴിഞ്ഞിരുന്നു. എന്നാലിപ്പോൾ അദ്ദേഹം പങ്കുവച്ച ഇൻസ്റ്റഗ്രാം പോസ്റ്റ് ഏവരെയും ഞെട്ടിപ്പിക്കുന്നതാണ്.
മുഖമാകെ വീർത്ത്, ചുവന്ന്, തിണർത്ത്, കണ്ണുകൾ കുഴിഞ്ഞ്, രോഗിയെ പോലെയിരിക്കുന്ന ചിത്രമാണ് ബ്രയാൻ പങ്കുവച്ചിരിക്കുന്നത്. “എപ്പോഴെങ്കിലും നിങ്ങളുടെ തെറാപ്പി പാളിപ്പോയിട്ടുണ്ടോ?” എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ഇപ്പോഴത്തെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.
കൂടുതൽ യുവത്വം തുളുമ്പുന്ന മുഖം ലഭിക്കുന്നതിനായി ബ്രയാന്റെ മുഖത്ത് കൊഴുപ്പ് കുത്തിവച്ചിരുന്നു. ഇതാണ് പാളിയത്. ഫാറ്റ് കുത്തിവച്ച് മിനിറ്റുകൾ കഴിഞ്ഞതോടെ ബ്രയാന്റെ മുഖം നീരുവച്ച് വീർക്കാൻ തുടങ്ങി. ഗുരുതരമായ അലർജിയായിരുന്നു ബ്രയാന് നേരിടേണ്ടി വന്നത്. മുഖം വീർത്തതോടെ കണ്ണുകൾ പോലും കാണാതായി.
18 വയസുള്ള പയ്യന്റെ ലുക്കിലേക്ക് മാറാൻ പ്രതിവർഷം 2 മില്യൺ ഡോളറിലധികം ചെലവഴിക്കുന്നയാളാണ് ബ്രയാൻ. ഇതിന്റെ ഭാഗമായി 30 ഡോക്ടർമാരുടെ കീഴിൽ പലവിധത്തിലുള്ള പരീക്ഷണങ്ങളും ശരീരത്തിൽ നടത്താറുണ്ട്. തലച്ചോറ്, ഹൃദയം, ശ്വാസകോശം, കരൾ, വൃക്ക, പല്ലുകൾ, ത്വക്ക്, മുടി, മൂത്രസഞ്ചി, ലിംഗം, മലാശയം എന്നിവയെല്ലാം ചെറുപ്പമാക്കാനുള്ള പരീക്ഷണങ്ങളാണ് ശരീരത്തിൽ നടത്തുന്നത്. അത്തരത്തിലൊരു പരീക്ഷണമായ പ്രോജക്ട് ബ്ലൂ പ്രിന്റായിരുന്നു ഒടുവിലത്തേത്. അത് പാളിപ്പോവുകയും ചെയ്തു. ഏഴ് ദിവസത്തെ പരിപാലനത്തിന് ശേഷം മുഖം പഴയപടിയായെന്നും ബ്രയാൻ പറയുന്നു.















