നവംബർ 17 ന് മെക്സിക്കോ സിറ്റിയിൽ നടന്ന മിസ് യൂണിവേഴ്സ് 2024 മത്സരത്തിൽ ലോക ശ്രദ്ധപിടിച്ച് പറ്റിയ മത്സരാർത്ഥിയാണ് ലോജിന സലാ. ഈജിപ്ത്കാരിയായ ലോജിന റാമ്പ് വാക്ക് ചെയ്തത് ചരിത്രത്തിലേക്കാണ്. പരമ്പരാഗത സൗന്ദര്യ സങ്കൽപ്പങ്ങഴളുടെ പൊളിച്ചെഴുത്ത് കൂടിയായി ഇത്തവണത്തെ മത്സരം. സൗന്ദര്യത്തിന്റെ നിർവചനം വെറും തൊലിയിലൊ നിറത്തിലോ തലമുടിയിലെ നിർവചിക്കരുതെന്ന ലോകത്തിന് പഠിപ്പിച്ച് കൊടുക്കയായിരുന്നു ഈ 34 കാരി.
വെള്ളപ്പാണ്ട് അഥവാ വിറ്റിലിഗോയുള്ള ആദ്യ മിസ് യൂണിവേഴ്സ് മത്സരാർത്ഥിയാണ് ലോജിന. ആദ്യം മുപ്പതിൽ ഇടം പിടിച്ചാണ് ലോജിന വേദി വിട്ടത്. മെക്സികോയിൽ നിന്നും തിരിച്ചെത്തിയ ശേഷം യുവതി കുറിച്ച വാക്കുകൾ ലോകം ഏറ്റെടുത്തു കഴിഞ്ഞു. വെറുപ്പിൽ നിന്നും വിവേചനത്തിൽ നിന്നും മുക്തമായ ഒരു ലോകത്തെ രൂപപ്പെടുത്തുന്നത് നമുക്ക് തുടരാമെന്നാണ് ലോജിന എഴുതിയത്. ലോജിനയക്ക് ഇൻസ്റ്റാഗ്രാമിൽ 18 ലക്ഷം ഫോളോവേഴ്സുണ്ട്.
1990 ഏപ്രിൽ 21 ന് ഈജിപ്തിലെ അലക്സാണ്ട്രിയയിലാണ് ലോജിന ജനിച്ചത്. ജീവിതം തന്നെ വെള്ളപ്പാണ്ടുമായി ബന്ധപ്പെട്ട ബോധവൽക്കരണത്തിനുവേണ്ടി മാറ്റിവെച്ചിരിക്കുകയാണ് ഇവർ. മൂന്ന് വർഷമായി ദുബായിലാണ് താമസം. പത്ത് വയസ്സുള്ള മകളുണ്ട്. ബിയോണ്ട് ദി സർഫേസ് മൂവ്‌മെൻ്റ് സ്ഥാപകയായ ലോജിന സ്ത്രീ ശക്തീകരണ പ്രവർത്തനങ്ങളിലും സജീവമാണ്.
വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട്
ചർമത്തിനു നിറം കൊടുക്കുന്ന മെലാനിൻ എന്ന രാസവസ്തുവിന്റെ അപാകതമൂലം ഉണ്ടാകുന്ന ഒരു രോഗാവസ്ഥയാണു വെള്ളപ്പാണ്ട്. തൊലിപ്പുറത്തു വെള്ളനിറത്തിലുള്ള പാടുകളായാണ് ഈ രോഗം കാണപ്പെടുന്നത്. സ്ത്രീകളെയും പുരുഷന്മാരെയും ഒരേപോലെ വെള്ളപ്പാണ്ട് ബാധിക്കുന്നു. രോഗിയുടെ ശരീരധർമങ്ങളെ രോഗം കാര്യമായി ബാധിക്കാറില്ല. എന്നാൽ വെള്ളപ്പാണ്ട് ഉളവാക്കുന്ന രൂപമാറ്റം രോഗികളിൽ മാനസികബുദ്ധിമുട്ട്, അപമാനം, ഉത്കണ്ഠ എന്നിവ ഉണ്ടാക്കുന്നു. ഈ രോഗി സമൂഹത്തിലിറങ്ങി മറ്റുള്ളവരുമായി ഇടപെടാൻ മടിക്കുകയും ഇത് ഒരു പകർച്ചവ്യാധിയായി മറ്റുള്ളവർ കണക്കാക്കുമോ എന്ന് ശങ്കിക്കുകയും ചെയ്യുന്നു. പലരും വിഷാദാവസ്ഥയിലേക്കു ക്രമേണ പോകാറുണ്ട്.















