കീർത്തി സുരേഷ് വിവാഹിതയാകുന്നു. എറണാകുളം സ്വദേശിയാണ് വരൻ. നിർമാതാവ് ജി. സുരേഷ് കുമാറിന്റെയും നടി മേനകയുടെയും മകളാണ് കീർത്തി. എറണാകുളം സ്വദേശി ആന്റണി തട്ടിലാണ് വരൻ. ബി.ടെക് ബിരുദധാരിയായ ആന്റണി നിലവിൽ ബിസിനസ് ചെയ്യുകയാണ്. കഴിഞ്ഞ 15 വർഷമായി ഇരുവരും അടുത്തറിയുന്നവരാണ്. അടുത്തമാസം ഗോവയിൽ വച്ച് വിവാഹം നടക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുക്കുന്ന സ്വകാര്യ ചടങ്ങായി നടത്തുമെന്നാണ് വിവരം
2002ൽ പുറത്തിറങ്ങിയ ‘കുബേരൻ’ എന്ന സിനിമയിൽ ബാലതാരമായി തുടക്കം കുറിച്ചയാളാണ് കീർത്തി സുരേഷ്. പ്രിയദർശൻ ചിത്രമായ ’ഗീതാഞ്ജലി’യിലൂടെ ആയിരുന്നു നായികയായി എത്തിയത്. പിന്നീട് നാഗ് അശ്വിൻ സംവിധാനം ചെയ്ത ‘മഹാനടി’യിലൂടെ മികച്ച നടിക്കുള്ള ദേശീയപുരസ്കാരം കീർത്തി സുരേഷ് സ്വന്തമാക്കി. ഏറ്റവുമൊടുവിൽ ‘കൽക്കി’ എന്ന പാൻ-ഇന്ത്യൻ ചിത്രത്തിൽ ‘ബുജി’യുടെ ശബ്ദമായും കീർത്തി അവിസ്മരണീയ പ്രകടനം കാഴ്ചവച്ചു. ടൊവിനോ നായകനായെത്തിയ വാശിയാണ് താരത്തിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ മലയാള സിനിമ.