മലയാള സിനിമയിൽ വ്യത്യസ്തമായ ചിത്രങ്ങൾ ഒരുക്കി ശ്രദ്ധേയമായ വീക്കെന്റ് ബ്ലോക്ക്ബസ്‌റ്റേഴ്‌സിന്റെ
ബാനറിൽ സോഫിയാ പോൾ വീണ്ടും എത്തുന്നു. ഡിറ്റക്ടീവ് ഉജ്ജ്വലൻ എന്ന തീപ്പൊരി സിനിമയുമായാണ് സോഫിയ ഇത്തവണ എത്തുന്നത്.
പട്ടാമ്പിയിലെ പ്രശസ്തമായ കാർത്ത്യാട്ടു മനയിൽ നവംബർ പതിനേഴിന് സിനിമയുടെ ചിത്രീകരണം ആരംഭിച്ചതായി അണിയറപ്രവർത്തകർ അറിയിച്ചു. രാഹുൽ.ജി, ഇന്ദ്രനീൽ ഗോപീകൃഷ്ൻ എന്നിവരാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്.
മലയാള സിനിമയിൽ വീണ്ടും ഇരട്ട സംവിധായകർ കടന്നുവരുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്‌ക്കുണ്ട്. പത്താം ക്ലാസ് മുതൽ ഒന്നിച്ചു പഠിക്കുകയും പിന്നീട് മുംബൈയിലെ വെസ്ലിംഗ് വുഡ്‌സ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും മൂന്നുവർഷത്തെ ഫിലിം മേക്കിംഗ് കോഴ്‌സും ഒന്നിച്ച് പൂർത്തിയാക്കിയവരാണ് സിനിമയുടെ സംവിധായകർ. 2022ൽ തുടങ്ങേണ്ടിരുന്ന സിനിമയാണിത്. ഇതിനു മുമ്പുള്ള പ്രോജക്റ്റുകൾ തീരുന്നതിനനുസരിച്ചായിരുന്നു ഈ ചിത്രം തുടങ്ങുവാൻ കഴിഞ്ഞതെന്ന് നിർമാതാവ് സോഫിയാ പോൾ പറഞ്ഞു.
പൂർണമായും ഇൻവസ്റ്റിഗേറ്റീവ് കോമഡി ത്രില്ലറായി അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ധ്യാൻ ശ്രീനിവാസനാണ് ഡിറ്റക്ടീവ് ഉജ്ജ്വലൻ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
സിജുവിൽ സൻ., കോട്ടയം നസീർ, ഡോ. റോണി ഡേവിഡ് രാജ്, സീമാജി. നായർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഇവർക്കൊപ്പം നാലു പുതുമുഖങ്ങളും സിനിമയിലുണ്ട്. അമീൻ, നിഹാൽ, നിബ്രാസ്, ഷഹുബാസ് എന്നിവരാണിവർ. വിനായക് ശശികുമാറിന്റെ ഗാനങ്ങൾക്ക് ആർ.സി.സംഗീതം പകർന്നിരിക്കുന്നു.
ഛായാഗ്രഹണത്തിനും ഇരട്ടകൾ…
പ്രേം അക്കുടു – ശ്രയാന്തി എന്നിവരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.
ഇവർ ഭാര്യാഭർത്താക്കന്മാർ കൂടിയാണ്. സായ് പല്ലവി അഭിനയിച്ച ഗാർഗി എന്ന തമിഴ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ച ഇവരുടെ ആദ്യ മലയാള ചിത്രമാണിത്.















