അഴകും ചന്തവുമുള്ള നഖങ്ങൾ ആർക്കാണ് ഇഷ്ടപ്പെടാത്തത് അല്ലേ? കുട്ടികൾ മുതൽ മുതിർന്ന സ്ത്രീകൾ വരെ ഉപയോഗിക്കുന്ന സൗന്ദര്യവർദ്ധക വസ്തുക്കളിലൊന്നാണ് നെയിൽ പോളിഷ്. വസ്ത്രങ്ങൾക്ക് അനുയോജ്യമായ തരത്തിൽ എപ്പോഴും നെയിൽ പോളിഷ് ചെയ്യുന്നവരാണ് ബഹുഭൂരിപക്ഷവും. എന്നാൽ നെയിൽ പോളിഷ് എന്ന കൊലയാളിയെ പലരും തിരിച്ചറിയാതെ പോകുന്നു. ഇതറിഞ്ഞോളൂ..
മാരകമായ പല വസ്തുക്കളാണ് നെയിൽ പോളിഷിൽ അടങ്ങിയിരിക്കുന്നത്. ഇത് ചർമ്മത്തിലേക്ക് ആഴ്ന്നിറങ്ങി പലവിധത്തിലുള്ള അലർജി പ്രശ്‌നങ്ങളിലേക്ക് വഴി വയ്‌ക്കുന്നു. ഭക്ഷണം കഴിക്കുമ്പോൾ ഇത് വയറ്റിലാകാനും ഇടയുണ്ട്. പാൻക്രിയാറ്റിക് കാൻസർ പോലുള്ള മാരക രോഗങ്ങളിലേക്ക് ഇത് വഴിവയ്‌ക്കുന്നുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്.
നെയിൽ പോളിഷിൽ ഫോർമാൽഡിഹൈഡ്, ഡിബിപി, ടൊളുവിൻ എന്നീ മാരക വസ്തുക്കൾ അടങ്ങിയിരിക്കുന്നു. ഇവ വയറ്റിലെത്തുന്നതാണ് ഗുരുതര രോഗങ്ങൾക്ക് കാരണം. കുട്ടികൾക്ക് ഒരിക്കലും ഇത്തരത്തിൽ കെമിക്കലുകൾ അടങ്ങിയ നെയിൽ പോളിഷുകൾ ഇട്ടുകൊടുക്കരുതെന്നാണ് ആരോഗ്യവിദഗ്ധരുടെ നിർദേശം. മുതിർന്നവർ കെമിക്കലുകൾ ഇല്ലാത്ത നെയിൽ പോളിഷുകളും തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.
പതിവായി നെയിൽ പോളിഷിന്റെ ഗന്ധം ശ്വസിക്കുന്നത് ആസ്ത്മയ്‌ക്കും ശ്വാസകോശ രോഗങ്ങൾക്കും കാരണമാകും. വയറിന് അസ്വസ്ഥതകൾ ഉണ്ടാക്കുകയും ദഹനപ്രശ്‌നങ്ങൾക്ക് വഴിവയ്‌ക്കുകയും ചെയ്യുന്നു. നെയിൽ പോളിഷാണ് ഇതിന് കാരണക്കാരനെന്ന് നാം അറിയുക പോലുമില്ല. കാൻസർ പോലുള്ള മാരക രോഗങ്ങളിലൂടെ പതിയെ ഇത് മരണത്തിലേക്ക് തള്ളിവിടുന്നു.