കണ്ണൂർ: ജില്ലാ സ്കൂൾ കലോത്സവത്തിനിടെ വിധികർത്താക്കൾക്ക് നേരെ കയ്യേറ്റശ്രമം. പൂരക്കളി മത്സര ഫലപ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു തർക്കവും കയ്യാങ്കളിയും. ഉപജില്ലാ കലോത്സവത്തിലെ കരിവെള്ളൂർ, വെള്ളൂർ സ്‍കൂളുകൾ തമ്മിലുള്ള പ്രശ്‍നങ്ങളാണ് കയ്യാങ്കളിയിലേക്ക് നയിച്ചത്.
പൂരക്കളി മത്സരം കഴിഞ്ഞതോടെ വിധികർത്താക്കൾ മത്സരഫലം പ്രഖ്യാപിച്ചിരുന്നു. വെള്ളൂർ സ്കൂളിനാണ് ഒന്നാം സ്ഥാനം ലഭിച്ചത്. എന്നാൽ ഇതിൽ പ്രകോപിതനായ കരിവെള്ളൂർ സ്കൂളിന്റെ പൂരക്കളി പരിശീലകൻ വിധികർത്താക്കളെ കയ്യേറ്റം ചെയ്യുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാരും പൊലീസും ചേർന്ന് പ്രോമോദിനെ തടഞ്ഞുവെച്ചു.
സംഭവത്തിൽ പയ്യന്നൂർ പൊലീസ് പ്രമോദിനെ കസ്റ്റഡിയിലെടുത്തു. നേരത്തെ ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ കരിവെള്ളൂർ സ്കൂളിനായിരുന്നു പൂരക്കളി മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചിരുന്നത്. തുടർന്ന് വെള്ളൂർ സ്കൂൾ അപ്പീൽ നൽകിയാണ് ജില്ലാ സ്കൂൾ കലോത്സവത്തിൽ പങ്കെടുത്തത്.















