തിരുവനന്തപുരം: സൗജന്യമായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഒപി ടിക്കറ്റിന് ഇനി മുതൽ ഫീസീടാക്കാൻ തീരുമാനം. ഇതുപ്രകാരം രോഗികൾ ഇനിമുതൽ ഒപി ടിക്കറ്റിന് പത്തുരൂപ നൽകണം. ആശുപത്രി വികസന സമിതിയുടേതാണ് തീരുമാനം. ഒപി ടിക്കറ്റിന് 20 രൂപ ഈടാക്കണമെന്നായിരുന്നു സമിതിയുടെ അജണ്ടയിലുണ്ടായിരുന്നത്.
വിഷയം ചർച്ച ചെയ്യാൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ ഓഫീസിൽ ആശുപത്രി വികസനസമിതിയുടെ യോഗം ചേർന്നിരുന്നു. ജനപ്രതിനിധികൾ അടക്കമുള്ളവർ യോഗത്തിൽ പങ്കെടുത്തിരുന്നു. ഇതിലാണ് ഇനി മുതൽ ഒപി ടിക്കറ്റിന് 10 രൂപ ഈടാക്കാൻ തീരുമാനിച്ചത്. ഫീസീടാക്കുന്നതിൽ നിന്നും ബിപിഎൽ വിഭാഗക്കാരെ ഒഴിവാക്കി എന്നതുമാത്രമാണ് ഏക ആശ്വാസം.
75 വർഷത്തിനിടയിൽ ആദ്യമായാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഒപി ടിക്കറ്റിന് നിരക്കേർപ്പെടുത്താൻ തീരുമാനിച്ചത്. മറ്റ് മെഡിക്കൽ കോളേജുകളിൽ ഇത്തരത്തിൽ ഫീസ് ഇടക്കുന്നുണ്ടെന്ന ന്യായീകരണമുന്നയിച്ചാണ് പുതിയ തീരുമാനം നടപ്പിലാക്കുന്നത്. 20 രൂപ ഈടാക്കണമെന്ന ആശുപത്രി വികസനസമിതിയുടെ ആവശ്യത്തെ എതിർത്ത പ്രതിപക്ഷം, യോഗം പൂർത്തിയാക്കാതെ
മടങ്ങുകയും ചെയ്തു.















