ശരീരഭാരം കുറയ്‌ക്കാൻ പല തരത്തിലുള്ള മാർഗങ്ങൾ പരീക്ഷിക്കുന്നവർ നമുക്കിടയിലുണ്ട്. പട്ടിണി കിടന്നും ആഹാരത്തിൽ ക്രമീകരണം നടത്തിയൊക്കെ പലരും ശരീരഭാരം കുറയ്‌ക്കാൻ ശ്രമിക്കാറുണ്ട്. എല്ലാത്തിനും ശേഷം അവസാനം ചെന്ന് എത്തി നിൽക്കുന്നത് വ്യായാമം, യോഗ, സൂംബ ഡാൻസ് എന്നിവയിലൊക്കെ ആയിരിക്കും. എന്നാൽ വ്യായാമം ചെയ്യുന്നവർ അത് ചെയ്യേണ്ട സമയം കൃത്യമായി പിന്തുടരേണ്ടതുണ്ട്.
വ്യായാമം എപ്പോഴെങ്കിലും ചെയ്താൽ അതിന്റെ പ്രയോജനമൊന്നും കിട്ടണമെന്നില്ല. അതിന് കൃത്യമായൊരു സമയക്രമം തിട്ടപ്പെടുത്തി എടുക്കണം. അതിരാവിലെ വ്യായാമം ചെയ്യുന്നതും തിരക്കൊക്കെ കഴിഞ്ഞ് വൈകുന്നേരങ്ങളിലും രാത്രികളും വ്യായാമം ചെയ്യുന്നവരുമുണ്ട്. എന്നാൽ വ്യായാമം എപ്പോഴും ഭക്ഷണം കഴിക്കുന്നതിന് മുമ്പായി അതായത്, അതിരാവിലെ ചെയ്യുന്നതാണ് ഉത്തമം.
യോഗ ചെയ്യുന്നത് എപ്പോഴും അതിരാവിലെ ആയിരിക്കും. അതുപോലെ തന്നെയാണ് വ്യായാമവും ശീലമാക്കേണ്ടത്. ഒരു ദിവസം തുടങ്ങുന്നതിന് മുമ്പ് വ്യായാമം ചെയ്യുന്നത് ആരോഗ്യത്തിനും മാനസിക ഉന്മാദത്തിനും അനുയോജ്യമാണ്. കൂടാതെ രക്തചംക്രമണത്തിനും പേശികളുടെയും എല്ലുകളുടെയും ബലം വർദ്ധിപ്പിക്കുന്നതിനും നല്ലതാണ്.
കൊളസ്ട്രോൾ കുറക്കണമെന്ന് ആലോചിക്കുന്നവർ, വ്യായാമം ചെയ്യുന്നതിനായി രാവില സമയം കണ്ടെത്തുന്നതാണ് അനുയോജ്യം. പ്രമേഹം, വിഷാദരോഗം, രക്തസമ്മർദ്ദം എന്നിവയുടെ സാധ്യതകൾ കുറയ്‌ക്കാനും തിരക്കേറിയ ജീവിതത്തിനിടെ ഒരു മാനസിക ഉന്മേഷം നേടാനും ഇത് സഹായകമാണ്.
ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതകളും കുറയുന്നു. അതിനാൽ വൈകുന്നേരങ്ങിലെ വർക്കൗട്ടുകൾ ഒഴിവാക്കി രാവിലെ വ്യായാമം ശീലമാക്കുന്നതാകും ആരോഗ്യത്തിന് അത്യുത്തമം.