തന്റെ ജീവിതത്തിലുണ്ടായ മോശം സമയത്തെ കുറിച്ച് മനസുതുറന്ന് നടി ആൻഡ്രിയ. ഒരു അപൂർവരോഗത്തെ തുടർന്ന് കുറച്ച് നാൾ ആൻഡ്രിയ സിനിമയിൽ നിന്നും ഒരു ഇടവേള എടുത്തിരുന്നു. ത്വക്കിനെ ബാധിക്കുന്ന ഓട്ടോ ഇമ്മ്യൂൺ കണ്ടീഷനാണ് താരത്തെ ബാധിച്ചത്. അന്ന് നേരിട്ട അനുഭവങ്ങളെ കുറിച്ചാണ് ആൻഡ്രിയ തുറന്നുപറയുന്നത്. സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
‘വട ചെന്നൈ എന്ന സിനിമയ്‌ക്ക് ശേഷമാണ് ത്വക്കിനെ ബാധിക്കുന്ന രോഗം എനിക്ക് പിടിപെട്ടത്. എല്ലാ ദിവസവും എഴുന്നേൽക്കുമ്പോൾ ശരീരത്തിൽ പല പാടുകളും കാണാൻ തുടങ്ങി. കൺപീലികളും പുരികവും നരയ്‌ക്കാനും തുടങ്ങിയിരുന്നു. ഒരുപാട് ബ്ലഡ് ടെസ്റ്റുകൾ ചെയ്തിട്ടുണ്ട്. പക്ഷേ അതിലൊന്നും പ്രശ്നം ഉണ്ടായിരുന്നില്ല. ഒരുപാട് ഡോക്ടർമാരെ കണ്ടു. എനിക്ക് പ്രത്യേകിച്ച് കുഴപ്പങ്ങളൊന്നും ഉണ്ടായിരുന്നില്ല.
പക്ഷേ, സിനിമാ മേഖലയിൽ നിൽക്കുന്ന വ്യക്തി ആയതിനാൽ പ്രശ്നങ്ങളും സമ്മർദ്ദങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് എനിക്ക് തോന്നി. അതുകൊണ്ട് മാറി നിന്നു. പ്രണയം തകർന്നത് കൊണ്ട് മാറിനിന്നതെന്നാണ് മാദ്ധ്യമങ്ങളും സിനിമയിലെ ചില ആളുകളും പറഞ്ഞത്. ഇപ്പോൾ ആ രോഗാവസ്ഥയിൽ നിന്നൊക്കെ മാറി. എന്നാലും ചെറിയ പാടുകൾ ഇപ്പോഴും ശരീരത്തിലുണ്ട്’.
കൺപീലിയിൽ ഇപ്പോഴും വെള്ളനിറമാണ്. അത് കവർ ചെയ്യാനാകും. ജീവിതരീതിയിലൊക്കെ ഇപ്പോൾ ഒരുപാട് മാറ്റം വന്നിട്ടുണ്ട്. ഒരു വർഷം എടുത്താൽ മാത്രമേ ഇതൊക്കെ ശരിയായിവരികയുള്ളൂവെന്നും ആൻഡ്രിയ പറഞ്ഞു.