പത്തനംതിട്ട: ശബരിമലയിൽ തീർത്ഥാടകർക്ക് വേണ്ടി സർവീസ് നടത്തുന്ന നിലയ്‌ക്കൽ- പമ്പ ചെയിൻ കെഎസ്ആർടിസി ബസ് കത്തി നശിച്ച സംഭവത്തിൽ 14 ലക്ഷം രൂപ നഷ്ടമെന്ന് റിപ്പോർട്ട്. ബസ് പൂർണമായി കത്തി നശിച്ചതിനാൽ എങ്ങനെയാണ് അപകടമുണ്ടായതെന്ന് കണ്ടെത്താനായിട്ടില്ലെന്ന് മോട്ടോർ വാഹന വകുപ്പ് ഹൈക്കോടതിയെ അറിയിച്ചു.
വിഷയത്തിൽ വിദഗ്ധ അന്വേഷണം ആവശ്യമാണെന്നും മോട്ടോർ വാഹന വകുപ്പ് സമർപ്പിച്ച റിപ്പോർട്ടിലുണ്ട്. മാവേലിക്കര റീജണൽ വർക് ഷോപ്പിലെ മാനേജറോട് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി നിർദേശിച്ചു. ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, എസ് മുരളീകൃഷ്ണൻ എന്നിവരടങ്ങിയ ദേവസ്വം ബഞ്ചാണ് നിർദേശിച്ചത്.
കഴിഞ്ഞ 17-നാണ് നിലയ്‌ക്കൽ-പമ്പ റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസ് കത്തിനശിച്ചത്. എട്ട് വർഷം മാത്രമായിരുന്നു ബസിന്റെ പഴക്കം. നിലയ്‌ക്കലിൽ നിന്നും പമ്പയിലേക്ക് ഭക്തരെ എടുക്കുന്നതിന് വേണ്ടി പോവുകയായിരുന്നു. നിലയ്‌ക്കൽ-പമ്പ റൂട്ടിൽ പ്ലാത്തോട് വച്ചായിരുന്നു സംഭവം. ഡ്രൈവറും കണ്ടക്ടറും മാത്രമാണ് ഈ സമയം ബസിനകത്ത് ഉണ്ടായിരുന്നത്.















