ന്യൂഡൽഹി: ഹിമാചൽ പ്രദേശിനെ കടക്കെണിയിലേക്ക് തള്ളിവിട്ട കോൺഗ്രസ് സർക്കാർ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ടെന്ന് ബിജെപി. ഡൽഹിയിലെ ഹിമാചൽ ഭവൻ വിൽക്കാൻ മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖുവിന്റെ സർക്കാർ നോട്ടീസ് നൽകിയതിന് പിന്നാലെയാണ് ബിജെപിയുടെ രൂക്ഷവിമർശനം.150 കോടി രൂപ വൈദ്യുതി കുടിശ്ശിക അടയ്‌ക്കുന്നതിൽ പരാജയപ്പെട്ടത്തോടെയാണ് സംസ്ഥാന സർക്കാരിന്റെ പ്രീമിയം ഗസ്റ്റ് ഹൗസായ ഹിമാചൽ ഭവൻ ലേലത്തിൽ വിൽക്കാനൊരുങ്ങുന്നത്.
“സർക്കാർ കെട്ടിടങ്ങൾ ലേലം ചെയ്യുന്ന തരത്തിലേക്ക് കോൺഗ്രസ് അധഃപതിച്ചിരിക്കുന്നു. ക്രെഡിറ്റ് രാഹുൽ ഗാന്ധിയുടെ ‘ഖടാഖാട്ട് സാമ്പത്തിക ശാസ്ത്രത്തിന്’ അവകാശപ്പെട്ടതാണ്. ഹിമാചൽ പ്രദേശിൽ കോൺഗ്രസ് എല്ലാ വാഗ്ദാനങ്ങളും നൽകിയിരുന്നു. എന്നാൽ ഇപ്പോൾ സംസ്ഥാന സർക്കാരിന് ശമ്പളവും പെൻഷനും നൽകാൻ പോലും പണമില്ല. ഹിമാചൽ ഭവന്റെ 150 കോടിയുടെ വൈദ്യുതി ബിൽ അടയ്‌ക്കാൻ പണമില്ല. സ്വത്ത് കണ്ടുകെട്ടി. കോൺഗ്രസ് ഭരണത്തിൽ ഒന്നും സുരക്ഷിതമല്ല,” ബിജെപി നേതാവ് ഷെഹ്‌സാദ് പൂനാവാല പറഞ്ഞു.
ലാഹൗളിലെയും സ്പിതി ജില്ലയിലെയും ചെനാബ് നദിയിലെ 340 മെഗാവാട്ട് സെലി ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ടതാണ് കേസ്. സെലി ഹൈഡ്രോ പവർ ഇലക്ട്രിക്കൽ കമ്പനിക്ക് സംസ്ഥാന സർക്കാർ നൽകാനുള്ള 150 കോടി രൂപ കുടിശിക നൽകാൻ കഴിയാതെ വന്നതോടെ ഡൽഹിയിലെ ഹിമാചൽ ഭവൻ കണ്ടുകെട്ടാൻ ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടു. കുടിശ്ശികയുള്ള തുക തിരിച്ചുപിടിക്കാൻ ഹിമാചൽ ഭവൻ ലേലം ചെയ്യാൻ കമ്പനിക്ക് അനുമതി നൽകുകയും ചെയ്തു. അനാസ്ഥയ്‌ക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥരെ കണ്ടെത്തുന്നതിന് വസ്തുതാന്വേഷണം നടത്താൻ വൈദ്യുതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കോടതി നിർദ്ദേശം നൽകി.















