2017-ൽ നടന്ന മിഷേൽ കേസ് ആനന്ദ് ശ്രീബാല എന്ന ചിത്രത്തിലൂടെ വീണ്ടും ചർച്ചയാവുകയാണ്. അഭിലാഷ് പിള്ള തിരക്കഥ ഒരുക്കി, വിഷ്ണു വിനയ് സംവിധാനം ചെയ്ത് ചിത്രം വർഷങ്ങൾക്ക് മുമ്പ് നടന്നൊരു കൊലപാതകത്തെയാണ് പ്രേക്ഷകർക്ക് മുന്നിലെത്തിച്ചത്. സിഎ വിദ്യാർത്ഥിനിയായ മിഷേലിന്റെ കൊലപാതകക്കേസാണ് ആനന്ദ് ശ്രീബാല വീണ്ടും പൊടിതട്ടിയെടുത്തിരിക്കുന്നത്. ചിത്രം കണ്ടിറങ്ങിയ ശേഷം മിഷേലിന്റെ പിതാവ് ഷാജി നടത്തിയ പ്രതികരണം സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാവുകയാണ്
മിഷേലിന്റെ മരണത്തിൽ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചകൾ ചിത്രം എടുത്തുകാണിക്കുന്നുണ്ടെന്ന് മിഷേലിന്റെ അച്ഛൻ ഷാജി പറഞ്ഞു. പൊലീസ് പ്രതികളോടൊപ്പം ചേർന്ന് അവരെ സംരക്ഷിക്കുന്ന പ്രതീതിയും ഏത് കൊലപാതകകും ആത്മഹത്യയാക്കുന്ന രീതിയും സിനിമയിൽ കണ്ടു. ഞങ്ങൾ നടന്ന വഴികളിലൂടെ വീണ്ടും യാത്ര ചെയ്തത് പോലെയാണ് സിനിമ കണ്ടപ്പോൾ തോന്നിയത്. വനിത സ്റ്റേഷൻ, കസബ സ്റ്റേഷൻ, സെൻട്രൽ സ്റ്റേഷൻ തുടങ്ങിയ ഓരോ സ്റ്റേഷനുകളിലും ഞങ്ങൾ കയറിയിറങ്ങി. അതൊക്കെ വളരെ മനോഹരമായാണ് സിനിമ അവതരിപ്പിച്ചിരിക്കുന്നതെന്നും ഷാജി പറഞ്ഞു.
മിഷേലിന്റെ മരണം കൊലപാതകമാണെന്ന് ഉറപ്പായിട്ടും ആത്മഹത്യ എന്നായിരുന്നു പൊലീസ് വരുത്തിതീർത്തത്. മിഷേലിനെ കാണാതായ ദിവസം തന്നെ കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ കേസെടുക്കാനോ, അന്വേഷണം നടത്താനോ പൊലീസ് തയാറായിരുന്നില്ല. പിന്നീട് ദിവസങ്ങൾക്ക് ശേഷം കൊച്ചിയിലെ ഗോശ്രീ പാലത്തിന് താഴെയുള്ള കായലിൽ നിന്നും മിഷേലിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
15-ന് തിയേറ്ററിലെത്തിയ ആനന്ദ് ശ്രീബാല മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നതെന്ന് അണിയറ പ്രവർത്തകർ നേരത്തെ അറിയിച്ചിരുന്നു. കഥയെയും സംവിധാനത്തെയും കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നുമുണ്ടാകുന്നത്. അർജുൻ അശോകൻ, അപർണ ദാസ്, മാളവിക മനോജ്, സംഗീത മാധവൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്തത്.















