പാലക്കാടിന് പുറമേ മഹാരാഷ്‌ട്രയിലും ഝാർഖണ്ഡും ഇന്ന് വിധിയെഴുതുകയാണ്. ഝാർഖണ്ഡിൽ രണ്ടാം ഘട്ട വോട്ടെടുപ്പും മഹാരാഷ്‌ട്രയിലെ മുഴുവൻ മണ്ഡലങ്ങളുമാണ് ഇന്ന് വിധിയെഴുതുന്നത്. ജനാധിപത്യത്തിന്റെ ഉത്സവത്തെ ആഘോഷമാക്കണമെന്നും എല്ലാവരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നും പ്രധാനമന്ത്രി എക്സിലൂടെ അറിയിച്ചു. സ്ത്രീകളും യുവാക്കളും മുൻനിരയിലേക്ക് എത്തണമെന്നും സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചു.
വോട്ടെടുപ്പിന്റെ ആദ്യഘട്ടത്തിൽ തന്നെ പ്രമുഖർ വോട്ട് ചെയ്യാനെത്തുന്ന കാഴ്ചയാണ് മഹാരാഷ്‌ട്രയിൽ കാണാൻ സാധിക്കുന്നത്. ആർബിഐ ഗവർണർ ശക്തികാന്ത ദാസാണ് ആദ്യം വോട്ട് ചെയ്യാനെത്തിയവരിലെ പ്രമുഖൻ. വോട്ട് രേഖപ്പെടുത്തിയ ശേഷം ഇത്രയധികം സജ്ജീകരണങ്ങളൊരുക്കിയ തെരഞ്ഞെടുപ്പ് കമ്മീഷനെ അഭിനന്ദിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഉയർന്ന വോട്ടിംഗ് ശതമാനമാകും ഇത്തവണ രേഖപ്പെടുത്തുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അക്ഷയ് കുമാർ, സംവിധായകൻ കബീർ ഖാൻ, രാജ്കുമാർ റാവു തുടങ്ങിയവരും അതിരാവിലെ തന്നെ പോളിംഗ് ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി.
288 മണ്ഡലങ്ങളിലാണ് മഹാരാഷ്‌ട്രയിൽ വോട്ടെടുപ്പ് നടക്കുന്നത്. ഭരണകക്ഷിയായ മഹായുതി സഖ്യവും മഹാ വികാസ് അഘാഡിയും തമ്മിലാണ് മഹാരാഷ്‌ട്രയിൽ മത്സരം.















