തിരുവനന്തപുരം: ഫുട്‌ബോൾ പ്രേമികളെ ആവേശം കൊള്ളിക്കാൻ മെസിപ്പട കേരളത്തിലേക്ക്. സംസ്ഥാന കായിക മന്ത്രി വി. അബ്ദുറഹ്‌മാനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അടുത്ത വർഷത്തോടെ അർജന്റീന ടീം കേരളത്തിൽ എത്തുമെന്ന് വി അബ്ദുറഹ്‌മാൻ പറഞ്ഞു.
സ്‌പെയിനിൽ വച്ച് അർജന്റീന ടീം മാനേജ്‌മെന്റുമായി ചർച്ചകൾ നടത്തിയെന്നും അടുത്ത വർഷം കേരളത്തിൽ മത്സരങ്ങൾ സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. സർക്കാർ സഹായത്തോടെയും നിയന്ത്രണത്തോടെയും ആയിരിക്കും മത്സരങ്ങൾ നടത്തുക.
ഫിഫ ഉദ്യോഗസ്ഥർ കേരളത്തിലെത്തി സ്‌റ്റേഡിയത്തിന്റെ പരിശോധന നടത്തും. ഏഷ്യയിലെ പ്രമുഖ ടീമുകൾക്കൊപ്പമായിരിക്കും മെസിയും കൂട്ടരും മത്സരിക്കുകയെന്നും അധികൃതർ വ്യക്തമാക്കി.
കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ടീമാണ് അർജന്റീന. അടുത്ത വർഷത്തോടെ മെസി ഉൾപ്പെടെ കേരളത്തിലെത്തുമ്പോൾ മത്സരവേദിയായി കൊച്ചിയാണ് പരിഗണിക്കുന്നത്. മഞ്ചേരി സ്‌റ്റേഡിയം മത്സരത്തിനായി പരിഗണിച്ചെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ കണക്കിലെടുത്ത് പിന്നീട് ഇത് ഒഴിവാക്കുകയായിരുന്നു.
20,000 കാണികൾക്കുള്ള സൗകര്യം മാത്രമാണ് മഞ്ചേരി സ്റ്റേഡിയത്തിലുള്ളത്. ഇതിനാലാണ് മഞ്ചേരി ഒഴിവാക്കി കൊച്ചി പരിഗണിക്കുന്നതെന്ന് അബ്ദുറഹ്‌മാൻ വ്യക്തമാക്കി.















